ശ്രീനഗർ ∙ ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീനുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിൽ രാഷ്ട്രീയ നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്തു. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിച്ച ഷോപിയാന്‍ വാചിയിലെ സർപഞ്ച് (ഗ്രാമമുഖ്യൻ) ആയ താരിഖ് അഹമ്മദ് മിർ ആണ് അറസ്റ്റിലായത്. ആയുധങ്ങൾ എത്തിച്ചു നൽകിയതുൾപ്പെടെയുള്ള സംഭവങ്ങളിൽ ഇയാള്‍ക്കു ബന്ധമുള്ളതായി സംശയമുണ്ട്.
ഭീകരരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ അറസ്റ്റിലായ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിങ്ങിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് താരിഖിനെയും പിടികൂടിയത്. 2014 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം തിരഞ്ഞെടുപ്പ് റാലിയിൽ വേദി പങ്കിട്ടയാളാണു താരിഖ്. ഇയാളെ രണ്ടു വര്‍ഷം മുൻപ് പാർട്ടിയിൽനിന്ന് പുറത്താക്കിയതാണെന്ന് ബിജെപി വക്താവ് അൽതാഫ് താക്കൂർ പറഞ്ഞു. ഇയാൾക്ക് എങ്ങനെയാണ് 2018 ൽ ബിജെപി സ്ഥാനാർഥിത്വം ലഭിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുവിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ താരിഖിനെ ആറു ദിവസത്തെ കസ്റ്റഡിയിൽവിട്ടു. ദേവീന്ദർ സിങ്ങിനൊപ്പം അറസ്റ്റ് ചെയ്ത ഹിസ്ബുല്‍ ഭീകരൻ നവീദ് ബാബുവിനെ ചോദ്യം ചെയ്തപ്പോഴാണ് താരിഖിനെക്കുറിച്ചു വിവരം ലഭിച്ചത്. ഭീകരർക്ക് ആയുധങ്ങൾ എത്തിച്ചു നല്‍കിയത് ഇയാളാണെന്ന് നവീദ് പറഞ്ഞെന്നാണു വിവരം. താരിഖിനെതിരെ ഭീകരാക്രമണമുണ്ടാകുമെന്ന സൂചനകളെ തുടർന്ന് നേരത്തേ പൊലീസ് സുരക്ഷ അനുവദിച്ചിരുന്നു. എന്നാൽ ഇതു കഴിഞ്ഞ വർഷം പിൻവലിച്ചിരുന്നതായാണു പൊലീസ് പറയുന്നത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
