ഇസ്രയേൽ: കൊവിഡ് 19 രോഗത്തിനെതിരെ വാക്സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട് ഇസ്രായേൽ. വാണിജ്യാടിസ്ഥാനത്തില്‍ മരുന്ന് ഉത്പാദിപ്പിക്കുന്നതിന് രാജ്യാന്തര കമ്പനികളെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി വ്യക്തമാക്കി. എന്നാൽ, മരുന്ന് മനുഷ്യരിൽ പരീക്ഷിച്ചോ എന്ന കാര്യം ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല
പ്രധാനമന്ത്രിയുടെ നേരിട്ടുളള നിയന്ത്രണത്തിൽ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ലാബ് സന്ദര്‍ശിച്ചപ്പോള്‍, കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിച്ചത് ബോധ്യപ്പെട്ടെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി മൈക്കല്‍ ബെന്നെറ്റ് വ്യക്തമാക്കിയത്. വാണിജ്യാടിസ്ഥാനത്തില്‍ വാക്സിന്‍ ഉത്പാദിപ്പിക്കുന്നതിന് രാജ്യാന്തര കമ്പനികളെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും ബെനറ്റ് വ്യക്തമാക്കി. എന്നാൽ, മരുന്ന് മനുഷ്യരിൽ പരീക്ഷിച്ചോ എന്ന കാര്യം ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ വിളിച്ച ഉച്ചകോടിയിൽ, കൊവിഡ് വാക്സിന്‍ കണ്ടുപിടിക്കാനായി 800 ലക്ഷം ഡോളറിന്‍റെ ഫണ്ട് രൂപീകരിക്കാമെന്ന് ഇസ്രായേൽ അടക്കം പ്രമുഖ രാജ്യങ്ങള്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രഖ്യാപനം.
അതേസമയം, ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കിന്‍റെ ആശ്വാസത്തിലാണ് അമേരിക്ക. 24 മണിക്കൂറിനിടയില്‍ 1015 മരണമാണ് അമേരിക്കയിൽ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ അടുത്ത മാസം ഒന്നോടെ അമേരിക്കയിൽ പ്രതിദിനം 2 ലക്ഷം പുതിയ കൊവിഡ് ബാധിതരും ശരാശരി 3000 മരണവും ഉണ്ടാകുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗത്തിന്‍റെ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ കൊവിഡ് കര്‍മ്മസമിതി പരിശോധിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.