കേരളത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റ ഇരട്ട അക്ക നിയന്ത്രണങ്ങളില്ല; വാഹന ഷോറൂമുകളും തുറക്കാം; വ്യക്തത വരുത്തി സര്‍ക്കാര്‍

0
284

തിരുവനന്തപുരം: കേരളത്തില്‍ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കുന്നതിന് ഒറ്റ ഇരട്ട അക്ക നിയന്ത്രണങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍.

രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ സമയത്തുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ മൂന്നാം ഘട്ടത്തില്‍ ഇല്ലെന്നും മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ വാഹന നിയന്ത്രണം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഇറക്കിയ മാര്‍ഗനിര്‍ദേശത്തിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ പൊലീസിലും പൊതുജനങ്ങള്‍ക്കിടയിലും വാഹനങ്ങള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

രാവിലെ ഏഴു മുതല്‍ രാത്രി ഏഴ് വരെ വാഹനങ്ങള്‍ ഓടിക്കാം. കണ്ടെയിന്‍മെന്റ് സോണില്‍ അത്യാവശ്യ വാഹനങ്ങള്‍ ഓടിക്കാം. അവശ്യസര്‍വീസുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.

രണ്ടാം ഘട്ട ലോക്ക് ഡൗണിന് സമാനമായ രീതിയില്‍ ഇന്നലെയും ചില വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പരാതികള്‍ ഉയരുകയും ചെയ്തിരുന്നു.

അതേസമയം ഹോട്ട് സ്പോട്ടുകളില്‍ ഒഴികെ സംസ്ഥാനത്ത് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പുകള്‍ക്കും വാഹനഷോറൂമുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള മേഖലകളില്‍ 33 ശതാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം ആരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

വര്‍ക്ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറക്കാനായിരുന്നു നേരത്തേ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ച് തുറക്കാമെന്നാണ് പുതിയ തീരുമാനം.

കണ്ടെയ്ന്‍മെന്റ് സോണില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണം. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ളിടത്ത് റോഡുകള്‍ അടച്ചിടില്ല. റെഡ്, ഓറഞ്ച് സോണിലും കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള റോഡുകള്‍ അടച്ചിടില്ല.

ഞായറാഴ്ച സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ദിവസമാണ്. റംസാന്‍ കാലമായതിനാല്‍ ഉച്ചയ്ക്കുശേഷം ഭക്ഷണം പാഴ്സലായി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് തുറക്കാം. സര്‍ക്കാര്‍ അനുമതിനല്‍കിയ കടകള്‍ തുറക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here