കമ്യൂണിസ്റ്റ്പച്ച കഞ്ചാവാണെന്ന് പറഞ്ഞ് അമ്പതിനായിരം രൂപയ്ക്ക് വിറ്റു; കാശ് പോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി

0
196

പൊന്നാനി: കഞ്ചാവാണെന്നു പറഞ്ഞ് കമ്യൂണിസ്റ്റ്പച്ച ഉണക്കിപ്പൊടിച്ച് അരലക്ഷം രൂപയ്ക്ക് വിറ്റു. കാശ് പോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി 4 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു. സംഭവത്തിൽ മുഖ്യപ്രതി എടപ്പാൾ അയലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരണി (18)നെ പൊലീസ് അറസ്റ്റ് ചെയ്തു. 

പൊന്നാനി സ്വദേശിയായ അമൽ ബഷീറിനെ തട്ടിക്കൊണ്ടുപോയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. കിരണിന്റെ സുഹൃത്തുക്കളായ ജംഷീദ്, നാഷിം, റാഷിദ് തുടങ്ങിയവരടങ്ങിയ സംഘം കഞ്ചാവ് വാങ്ങിക്കാനായി അമൽ ബഷീറിന് 45,000 രൂപ നൽകിയിരുന്നു. എന്നാൽ, കഞ്ചാവിനു പകരം മൂന്നരക്കിലോ കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് പാക്കറ്റിലാക്കി നൽകുകയാണ് ചെയ്തത്.  കിരണിന്റെ ഉറ്റ സുഹൃത്താണ് അമൽ ബഷീർ. അതുകൊണ്ടുതന്നെ കിരണിനെ ഉപയോഗിച്ചാണ് അമൽ ബഷീറിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. അയലക്കാടുള്ള സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞ് അമൽ ബഷീറിനെ കിരൺ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി. അയിലക്കാട് ചിറക്കലിൽ വച്ച് ബഷീറിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. കാഞ്ഞിരത്താണി വട്ടക്കുന്നിൽ വച്ച് അർധനഗ്നനാക്കി മർദിക്കുകയും ദേഹമാസകലം കത്തികൊണ്ട് മുറിവേൽപിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. 

ഇയാളുടെ പഴ്സിലുണ്ടായിരുന്ന 6, 000 രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞാണ് അമൽ ബഷീറിന്റെ വീട്ടിൽ വിളിച്ച് 4 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊന്നാനി സിഐ പി.എസ്.മ‍ഞ്ജിത്ത് ലാലും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു. ഇനിയും ഒട്ടേറെപ്പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here