കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നും മരണപ്പെടുന്ന മലയാളികളുടെ എണ്ണം കൂടുന്നു. ഞായറാഴ്ച മാത്രം 12 മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ വെച്ച് കൊവിഡ് കാരണം മരിച്ചത്. ഇതില്‍ 8 പേരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. മലപ്പുറം എടപ്പാള്‍ സ്വദേശി താഹില്‍ തെക്കുമുറി, കണ്ണൂര്‍ കേളകം സ്വദേശി വി തങ്കച്ചന്‍ എന്നിവര്‍ ഞായറാഴ്ച ദുബായില്‍ വെച്ച് മരിച്ചു.
യു.എ.ഇയിലെ റാസ് അല്‍ഖെമയില്‍ വെച്ച് തൃശൂര്‍ ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ, അബുദാബിയില്‍ നിന്ന് റോഷന്‍കുട്ടി (58) , മലപ്പുറം സ്വദേശി അഷറഫ്, കോതമംഗലം സ്വദേശി നിസാര്‍, തിരൂര്‍ സ്വദേശി സെയ്താലിക്കുട്ടി ഹാജി, സൗദി അറേബ്യയില്‍ നിന്നും ഹംസ അബൂബക്കറും (59) മരിച്ചു.
കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് എം. പണിക്കര്‍, കൊട്ടാരക്കര സ്വദേശി ഫാദര്‍ എം.ജോണ്‍ എന്നിവര്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ വെച്ച് മരിച്ചു.കോട്ടയം പാലായില്‍ നിന്നുള്ള എട്ട് വയസ്സുകാരന്‍ അദ്വൈത് ന്യൂയോര്‍ക്കില്‍ വെച്ച് മരിച്ചു നഴ്‌സിംഗ് ദമ്പതികളായ സുനീഷ്, ദീപ എന്നിവരുടെ മകനാണ് അദ്വൈത്.
ഇതോട് കൂടി വിദേശരാജ്യങ്ങളില്‍ വെച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 86 ആയി ഉയര്‍ന്നു. ഇതില്‍ പകുതി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും വിദേശത്ത് നിന്നുള്ളവരാണ്. കേരളത്തില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കവെയാണ് ഇത്രയധികം വിദേശമലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശ രാജ്യങ്ങളില്‍ നിന്നും തിരികെ എത്തിക്കേണ്ട പ്രവാസികളെ സംബന്ധിച്ച് കേന്ദ്രം തയ്യാറാക്കിയ പട്ടികയില്‍ കേവലം 2 ലക്ഷം പേര്‍ മാത്രമാണ് ഉളളത്. അതേ സമയം കേരളത്തിലേക്കു മടങ്ങാന്‍ മാത്രം 4.14ലക്ഷം പ്രവാസി മലയാളികള്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം കര്‍ശന ഉപാധികള്‍ വച്ചതോടെ ഇവരുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാകും.