ലോക്ഡൗണ്‍ ഇനിയും നീട്ടുമെന്ന് സൂചന; ഇളവുകളിൽ സംസ്ഥാനങ്ങൾക്ക് അധികാരം

0
162

ന്യൂഡൽഹി ∙ രാജ്യവ്യാപകമായി കോവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇളവുകൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകും. ഏതൊക്കെ മേഖലകളില്‍ ഇളവു വേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണം. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നൽ‌കി. സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ചയ്ക്കിടെയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്.

വൈകിട്ട് 3ന് ആരംഭിച്ച വിഡിയോ കോണ്‍ഫറന്‍സ് രാത്രി ഒൻപതോടെയാണ് അവസാനിച്ചത്. കോവിഡിനുശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി നമ്മൾ തയാറെടുക്കണം. സ്കൂൾ, കോളജ് അധ്യയനത്തിനു ബദൽ മാർഗങ്ങൾ തേടണം. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾ നൽകുന്ന നിർദേശങ്ങൾക്ക് ഉചിതമായ പരിഗണന നൽകും. എല്ലാവരുടെയും ആവേശം ഈ പോരാട്ടം വിജയിക്കാൻ നമ്മളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എട്ടു സംസ്ഥാനങ്ങളാണ് ലോക്ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍, അസം, തെലങ്കാന, ബംഗാള്‍, ഡല്‍ഹി എന്നിവ. ട്രെയിൻ, വിമാന സർവീസുകൾ ഈ മാസം തുടങ്ങരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. മെട്രോ നഗരങ്ങളിൽ നിന്നുള്ള ട്രെയിൻ സർവീസിനെ തെലങ്കാനയും എതിർത്തു. ലോക്ഡൗണ്‍ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണം. ട്രെയിനുകളില്‍ നിയന്ത്രണം വേണമെന്നും കേരളം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here