റമദാനില്‍ ‘മനം നിറഞ്ഞ്’ യുഎഇ; രാജ്യത്തെ ഏറ്റവും വലിയ സൗജന്യ ഭക്ഷണ വിതരണ പദ്ധതി വന്‍ വിജയം

0
184

ദുബായ്: കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാര്‍ക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇയില്‍ ആരംഭിച്ച ‘ടെന്‍ മില്ല്യണ്‍ മീല്‍സ്’ പദ്ധതി വന്‍ വിജയം. ഒരു കോടി ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി സമാപിക്കുമ്പോള്‍ ഒന്നരക്കോടി ആളുകള്‍ക്കാണ് ഭക്ഷണമെത്തിക്കാന്‍ കഴിഞ്ഞത്.  

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂമിന്‍റെ ആഹ്വാനമനുസരിച്ച് ഏപ്രിലിലാണ് പദ്ധതി ആരംഭിച്ചത്. യുഎഇയിലെ ഏറ്റവും വലിയ സൗജന്യ ഭക്ഷണ വിതരണ പദ്ധതിക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രചാരണം ആരംഭിച്ച് ആദ്യ ആഴ്ചകളില്‍ തന്നെ ലക്ഷ്യം കടക്കാനായി. 115 രാജ്യക്കാര്‍ പദ്ധതിയില്‍ സഹകരിച്ചെന്നും ഇതിലൂടെ ഒന്നരക്കോടിയിലധികം(15.3 മില്ല്യണ്‍‌) ആളുകള്‍ക്ക് ഭക്ഷണം വിതരണം  ചെയ്യാന്‍ സാധിച്ചെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂം അറിയിച്ചു.

ആയിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണം നടത്തുന്നതിനായി മുന്നിട്ടിറങ്ങിയെന്നും യുഎഇയില്‍ സമൂഹത്തിലെ എല്ലാ മേഖലയില്‍ നിന്നുള്ളവരും ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനായി ഒരുമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

LEAVE A REPLY

Please enter your comment!
Please enter your name here