മുംബൈ: മുംബൈയിൽ 44കാരനായ കൊവിഡ് രോഗിയെ ഡോക്ടർ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. വോക്ക്ഹാർഡ് ഹോസ്പിറ്റലിലെ ഐ.സി.യു വാർഡിൽവെച്ച് 34 കാരനായ ഡോക്ടർ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.
സംഭവത്തിൽ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പൊലീസ് കൊറോണ വെെറസ് ഭയന്ന് ഡോക്ടറെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഡോക്ടറെ താനെയിലെ അപ്പാർട്ട്മെന്റ് ബ്ലോക്കിൽ ക്വാറന്റയിനിലാക്കിയിരിക്കുകയാണ്. പ്രതിയുടെ വീട്ടിനു ചുറ്റും നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുറ്റക്കാരനായ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന് വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചു. ഡോക്ടർ ആശുപത്രിയിൽ സംഭവം നടക്കുന്നതിന്റെ തലേദിവസമാണ് വന്നതെന്നും ആശുപത്രി അധികൃതർ പൊലീസിനോട് പറഞ്ഞു.
മുംബൈയിലെ മെഡിക്കൽ കോളേജിൽ നിന്ന് എം.ഡി കഴിഞ്ഞയാളാണ് പ്രതി. മുംബെെയിലെ ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചതിന് ശേഷമുള്ള ആദ്യ ദിവസം തന്നെയാണ് ഇയാൾക്കെതിരെ പരാതിയും ഉയർന്നത്.
ആശുപത്രിയുടെ പത്താം നിലയിലെ ഐ.സി.യു വാർഡിലായിരുന്ന രോഗിയുടെ അടുത്തെത്തി ഡോക്ടർ രോഗിയെ ലെെംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമത്തെ ചെറുക്കാൻ ശ്രമിച്ച രോഗി അലാം മുഴക്കിയാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്.
അറുപത് വയസ്സുകഴിഞ്ഞ ഡോക്ടർമാരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന ഉത്തരവ് വന്നതോടെ ചെറുപ്പക്കാരായ ഡോക്ടർമാരെ പുതുതായി എടുക്കേണ്ടി വരികയായിരുന്നു എന്ന് ആശുപത്രിയിലെ തന്നെ മറ്റൊരു മുതിർന്ന ഡോക്ടർ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക