ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകി കഴിഞ്ഞ ദിവസമാണ് ചില സംസ്ഥാനങ്ങൾ മദ്യ ഷോപ്പുകൾ തുറന്നത്. പല ഇടങ്ങളിലും ആളുകൾ കൂട്ടമായി മദ്യം വാങ്ങാനെത്തി. റെക്കോർഡ് വില്പന പല ഇടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. രണ്ടര മാസത്തോളം നീണ്ട ‘ഡ്രൈ’ പീരിയഡിനു ശേഷം തൊണ്ട നനക്കാനായി ആളുകൾ തെരുവിലേക്ക് കുതിച്ചെത്തി. ഇങ്ങനെ മദ്യം വാങ്ങാനെത്തി. അത് കുടിച്ച് തിരികെ പോയ ഒരു യുവാവിൻ്റെ വഴി മുടക്കിയ പാമ്പിന് ത്യജിക്കേണ്ടി വന്നത് സ്വന്തം ജീവനാണ്.
കർണാടകയിലെ കോളാറിലായിരുന്നു സംഭവം. മദ്യം വാങ്ങി അത് മുഴുവൻ കുടിച്ച് പൂസായി തിരികെ വന്ന യുവാവ് വഴിയിൽ കിടന്ന പാമ്പിനു മുകളിലൂടെ തൻ്റെ ടൂ വീലർ കയറ്റി ഇറക്കി. വേദന കൊണ്ടു പുളഞ്ഞ പാമ്പ് സ്വയരക്ഷക്കായി ഇയാളുടെ മുകളിലേക്ക് പാഞ്ഞുകയറി. പാമ്പിനെ കഴുത്തിൽ ചുറ്റി കുറച്ചു ദൂരം യാത്ര ചെയ്ത ഇയാൾ അല്പ സമയം കഴിഞ്ഞ് വണ്ടി നിർത്തി. പിന്നീടായിരുന്നു കൊല. ചെറിയ കഷണങ്ങളാക്കി യുവാവ് പാമ്പിനെ കടിച്ചുമുറിച്ച് കൊന്നു. “എൻ്റെ വഴി തടയാൻ മാത്രം നീ വളർന്നോടാ?” എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇയാളുടെ ആക്രമണം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അന്വേഷണത്തിൽ നിർമ്മാണത്തൊഴിലാളിയായ കുമാർ എന്ന യുവാവാണ് ഇതെന്ന് വ്യക്തമായി. പാമ്പ് രാവിലെയും തൻ്റെ ഇരുചക്ര വാഹനത്തിനടിയിൽ പെട്ടിരുന്നു എന്നും അതുകൊണ്ട് തന്നെ അതിനോട് തനിക്ക് ദേഷ്യം ഉണ്ടായിരുന്നു എന്നും ടൈംസ് ഓഫ് ഇന്ത്യയോട് കുമാർ പ്രതികരിച്ചു. പാമ്പ് വിഷമുള്ളതാണോ എന്ന് അറിവായിട്ടില്ല. തനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഇതുവരെ ഡോക്ടറെ കാണാൻ പോയില്ലെന്നും അയാൾ കൂട്ടിച്ചേർത്തു.