ന്യൂദല്‍ഹി (www.mediavisionnews.in) : ഏപ്രില്‍ 5 ഞായറാഴ്ച ദീപം കൊളുത്തുമ്പോള്‍ ആല്‍ക്കഹോള്‍ ബേസിഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രക്ഷേപണ ഏജന്‍സി പൗരന്മാരോട് ആവശ്യപ്പെട്ടു.
കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്‍പത് മിനിറ്റ് വീടുകളില്‍ ലൈറ്റുകള്‍ ഓഫ് ചെയ്ത് ദീപം കൊളുത്താന്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പൊതു പ്രക്ഷേപണ ഏജന്‍സി പ്രസാര്‍ ഭാരതി ശനിയാഴ്ച പൗരന്മാരോട് ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൊവിഡ് വൈറസ് പടരാതിരിക്കാന്‍ ആല്‍ക്കഹോള്‍ ബേസിഡ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കാനാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ സാനിറ്റിസറുകളില്‍ എഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പെട്ടെന്ന് തീപിടിക്കാന്‍ കാരണമാകും.
കൊവിഡ് 19 നെതിരെ കുറഞ്ഞത് 60 ശതമാനം ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
എന്നാല്‍ ഉയര്‍ന്ന അളവില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനാല്‍ ഞായറാഴ്ച രാത്രി മെഴുകുതിരി കത്തിക്കുമ്പോള്‍ സാനിറ്റൈസറിന്റെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് പ്രസാര്‍ ഭാരതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിയ്ക്ക് രാജ്യത്തെ 130 കോടി ജനങ്ങള്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കുണമെന്നും വീട്ടിലെ വൈദ്യുതി അണച്ചായിരിക്കണം ഇത് ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ കത്തിച്ച് ഒമ്പത് മിനിറ്റ് ഉയര്‍ത്തണം. കൊവിഡ് ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ആരും ഒറ്റക്കല്ല എന്ന സന്ദേശം ഇത് വഴി നല്‍കണമെന്നും മോദി പറഞ്ഞിരുന്നു.
മോദിയുടെ ആഹ്വാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്.