ചൈനയില്‍ രണ്ടാം വരവിനൊരുങ്ങി കൊറോണ; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 99 പേര്‍ക്ക്, ആശങ്കയില്‍ അധികൃതര്‍

0
240

ബീജിങ്: (www.mediavisionnews.in) കൊവിഡ് 19 വൈറസിന്റെ പിടിയില്‍ നിന്നും മുക്തി നേടിയെന്ന് ആശ്വസിക്കുന്ന ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ചൈനയില്‍ 99 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച 63 പേരില്‍ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ ചൈനയില്‍ കൊറോണ വൈറസിന്റെ രണ്ടാം വരവ് ആരംഭിച്ചോ എന്ന ആശങ്കയിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച 99 പേരില്‍ 97 പേരും ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരില്‍ നിന്നായി 1,280 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 481 പേര്‍ രോഗമുക്തരായി. 799 പേര്‍ ചികിത്സയിലാണ് . അതേസമയം ചികിത്സയിലുള്ള 36 പേരുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ വിദേശത്ത് നിന്ന് എത്തുന്നവരെ പതിനാല് ദിവസത്തെ നിരീക്ഷണത്തില്‍ താമസിപ്പിച്ചതിന് ശേഷമാണ് വീടുകളില്‍ പോകാന്‍ അനുവദിക്കുന്നത്. എന്നിട്ടും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ ഇടയാകുന്നതും അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. ചൈനയില്‍ ഇതുവരെ 82,052 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,339 പേരാണ് ചൈനയില്‍ വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് നേരിയൊരു ആശ്വാസം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here