കാസർകോട്: (www.mediavisionnews.in) കേരള സർക്കാരിന്റെ നിരന്തര ഇടപെടലും സുപ്രീംകോടതി വിധിയേയും തുടർന്ന് കേരള- കർണാടക അതിർത്തിയായ തലപ്പാടിയിലൂടെ അടിയന്തര ചികിത്സ തേടുന്ന രോഗികൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും പരാതി തീരാതെ കർണാടകം. കാസർകോട് സ്വദേശികൾക്കെതിരേ രണ്ട് പരാതികൾ ഉള്ളാൾ പൊലീസിൽ നൽകി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച കരാർ ദുരുപയോഗം ചെയ്തതായി കർണാടക പരാതിപ്പെട്ടത്.
സുപ്രീം കോടതിയുടെ വിധി പ്രകാരം മംഗളൂരുവിൽ കൊവിഡ് അല്ലാത്ത രോഗികൾക്ക് ചികിത്സ നൽകാൻ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം സമ്മതിച്ചിരുന്നു. കൊവിഡ് ബാധിച്ചിട്ടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കേരളം നൽകണം. അതുപോലെ കർണാടക മെഡിക്കൽ സംഘത്തിന്റെ പരിശോധനയും പൂർത്തിയാക്കിവേണം മംഗളൂരുവിലേക്ക് പോകാൻ. ഈ മാസം 9ന് രണ്ട് രോഗികൾ ആംബുലൻസിൽ മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോകുവാനായി തലപ്പാടിയിലെത്തിയിരുന്നു.
തലവേദനയുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്നാണ് ഒരു രോഗിയെത്തിയത്. അവരെ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടെ കേരളത്തിൽ നിന്ന് മറ്റൊരു ആംബുലൻസ് മെഡിക്കൽ പരിശോധന കൂടാതെ രോഗിയെയുംകൂട്ടി കടന്നുപോയെന്നാണ് ഒരു പരാതി. ഇത് സംബന്ധിച്ച് ഡോക്ടർ ഉള്ളാൾ പൊലീസിന് പരാതി നൽകി.
കാസർകോട് ജില്ലയുടെ മെഡിക്കൽ സംഘം കൊവിഡ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് പരിശോധനയിൽ അപാകത കാട്ടുന്നതായാണ് മറ്റൊരു പരാതി. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്ന് രേഖപ്പെടുത്തിയ ഒരുരോഗിക്ക് കർണാടക മെഡിക്കൽ സംഘം പനി മാത്രമാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് രോഗിയെ തിരിച്ചയക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.