കേരളത്തോട് യുദ്ധം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍, ജനങ്ങളെ പിഴിയാന്‍ സംസ്ഥാന സര്‍ക്കാരും, ജനജീവിതം കൂടുതല്‍ പൊറുതി മുട്ടും

0
248

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് നിര്‍മല സീതാരാമന്റെ കേന്ദ്രബജറ്റെന്ന് ഡോ.തോമസ് ഐസക് പ്രഖ്യാപിച്ചതിനു പിന്നാലെ ഇതിനെ മറികടക്കാന്‍ ജനങ്ങളെ പിഴിയാന്‍ സംസ്ഥാന സര്‍ക്കാര്‍ വട്ടം കൂട്ടുന്നു. കേന്ദ്രത്തിന്റെയും കേരള സര്‍ക്കാരിന്റെയും ശീതയുദ്ധത്തില്‍ ഇരകളാകുന്നത് പാവപ്പെട്ട ജനങ്ങളാണ്. കേന്ദ്രം തന്നില്ലെങ്കില്‍ ജനങ്ങളില്‍ നിന്നു പിഴിയുമെന്നുതന്നെയാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. അല്ലെങ്കില്‍ ഞങ്ങളെന്തു ചെയ്യുമെന്നുചോദിച്ചാണവര്‍ കൈമലര്‍ത്തുന്നത്.

ചരിത്രത്തില്‍ ഇതുപോലൊരു തിരിച്ചടി കേരളത്തിനുണ്ടായിട്ടില്ലെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. കേന്ദ്രബജറ്റില്‍ സംസ്ഥാന സര്‍ക്കാറിന്റെ നികുതി വിഹിതം വെട്ടിക്കുറച്ചതോടെ കടുത്ത സാമ്പത്തിക നടപടികളിലേക്ക് സര്‍ക്കാരിന് കടക്കേണ്ടിവരുമെന്നും മന്ത്രി സൂചിപ്പിക്കുന്നു. കേന്ദ്രം വിഹിതം കുറച്ചതോടെ വരുമാനം കൂട്ടാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് മന്ത്രി പറയുന്നത്. ഏറ്റവും താഴ്ന്ന വിഹിതമാണ് ഇക്കുറി കേരളത്തിനു നീക്കിവച്ചിട്ടുള്ളത്. കേന്ദ്രത്തില്‍നിന്നുള്ള നികുതി വിഹിതമായി കഴിഞ്ഞ വര്‍ഷം ലഭിച്ചത് 17872 കോടി രൂപയാണ്. ഈ വര്‍ഷം അത് 15236 കോടിയായി കുറഞ്ഞു.

വായ്പ പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ജി.എസ്.ടി നടപ്പാക്കിയപ്പോഴുള്ള നഷ്ടപരിഹാരത്തിന്റെ കുടിശ്ശികയും കിട്ടാനുണ്ട്. കേരളം കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് പോകുകയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് തോമസ്‌ഐസക്ക് വിശദീകരിക്കുന്നത്.
20000 കോടി ന്യായമായി പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് കേരളത്തിന്റെ വിഹിതം 2.5 ശതമാനത്തില്‍നിന്ന് 1.9 ശതമാനമായി കുറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിഹിതമാണിത്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റാണ് ഇനി പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ പിശുക്കു കാണിക്കുമ്പോള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ 2.8 ലക്ഷം കോടി രൂപയില്‍നിന്ന് 3.4 ലക്ഷം കോടി രൂപയായി ഉയര്‍ത്താനും മടിച്ചിട്ടില്ല.

ബി.ജെ.പി ഭരണം അവസാനിച്ചാല്‍ മാത്രമേ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. സംസ്ഥാനങ്ങള്‍ പറഞ്ഞാല്‍ എന്തെങ്കിലും കേന്ദ്രം ഉള്‍കൊള്ളാന്‍ തയാറാകണം. മൂന്നില്‍ രണ്ടു ഭൂരിപക്ഷമുള്ളതിനാല്‍ എന്തും ചെയ്യാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിചാരമെന്നും ധനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

ബജറ്റ് വിഹിതത്തില്‍ 20000 കോടി കേരളത്തിനുണ്ടാകും എന്നായിരുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ 15236 കോടിയും. 5000കോടി രൂപയുടെ കുറവുണ്ടായെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ നികുതി വിഹിതം കഴിഞ്ഞ വര്‍ഷം 17,872 കോടി രൂപയായിരുന്നു അതാണ് ഇത്തവണ 15236 കോടി രൂപയായി കുറഞ്ഞത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here