85 വയസുള്ള മുസ്‌ലിം സ്ത്രീയെയും വെറുതെ വിടാതെ കലാപകാരികള്‍; വീടിനൊപ്പം കത്തിയെരിഞ്ഞു

0
223

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹിയില്‍ കലാപകാരികള്‍ വീടിന് തീവെച്ച് 85 വയസുള്ള സ്ത്രീ പൊള്ളലേറ്റു മരിച്ചു. അക്ബാരി എന്ന സ്ത്രീയാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സായുധരായ 100 ഓളം ആളുകള്‍ ഗാമ്രി എക്‌സ്റ്റന്‍ഷനിലെ വീട് വളയുകയും തീവെക്കുകയും ചെയ്തത്. ഗൃഹനാഥനായ മുഹമ്മദ് സയീദ് സല്‍മാനി പുറത്തേക്ക് പോയ സമയത്തായിരുന്നു അക്രമകാരികള്‍ വീടിന് തീവെച്ചത്.

കുടുംബം നാലുനില കെട്ടടത്തിന്റെ മുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നെങ്കിലും അക്ബാരി പൊള്ളലേറ്റു മരിക്കുകയായിരുന്നു.

വീട്ടിലേക്ക് വരുന്ന സമയത്ത് വീട് കത്തിക്കൊണ്ടിരിക്കുന്നതാണ് കണ്ടതെന്നും അടുത്തുള്ളവര്‍ തന്നെ വീട്ടിലേക്ക് പോവാന്‍ അനുവദിക്കാതിരിക്കുകയായിരുന്നെന്നും സല്‍മാനി പറഞ്ഞു.

വീട് കത്തിച്ച കൂട്ടത്തില്‍ സല്‍മാനിയുടെ എട്ടു ലക്ഷം രൂപയും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതായും അദ്ദേഹം മാധ്യമങ്ങളോ പറഞ്ഞു.

പ്രായമായ തന്റെ അമ്മയ്ക്ക് ഓടാന്‍ പോലും പറ്റില്ലായിരുന്നെന്നും സല്‍മാനി പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഖുറാന്‍ അക്രമകാരികള്‍ അഗ്നിക്കിരയാക്കിയെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്ബാരിയുടെ മൃതദേഹം ജിബിടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്.

ഖജൂരി ഖാസിനടത്തുള്ള ഗാമ്രി എക്‌സ്റ്റന്‍ഷന്‍ കലാപത്തില്‍ വ്യാപകമായി തകര്‍ക്കപ്പെട്ട സ്ഥലമാണ്. ഗാമ്രി പ്രദേശത്തെ അക്രമങ്ങള്‍ മാധ്യമങ്ങള്‍ അധികമൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നും താമസക്കാര്‍ മാധ്യമങ്ങളോട് വിവരിച്ചു.

മൂന്നു ദിവസമായി വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്‌ലിങ്ങളെ തിരഞ്ഞു പിടിച്ച് അക്രമിച്ചുകൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here