ഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹിയിൽ പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി തിങ്കളാഴ്ച നടന്ന പ്രക്ഷോഭത്തിന്റെയും പ്രതിഷേധക്കാരെ തെരുവില്‍ പൊലീസിന്റെ പിന്തുണയോടെ നേരിട്ട സര്‍ക്കാര്‍ അനുകൂലികളുടെയും നിരവധി വീഡിയോകൾ ഇതിനോടകം നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിരുന്നു. ഇതേസമയം, ഇന്ന് രാവിലെ മുതല്‍ ആയിരക്കണക്കിന് ട്വിറ്റർ ഉപയോക്താക്കൾ പങ്കുവെച്ച 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയായാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ദ വീക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ് റോഡിൽ കിടക്കുന്ന അഞ്ച് പേരെ പൊലീസ് ഉദ്യോഗസ്ഥരെ വളഞ്ഞു നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. ആക്രമണത്തില്‍ പരിക്കേറ്റ ഈ അഞ്ച് പേരുടെയും ശരീരത്തു നിന്ന് രക്തമൊഴുകുന്നുണ്ടായിരുന്നു. ഇതിനിടെ വീണുകിടക്കുന്ന പ്രതിഷേധക്കാരെ ദേശീയഗാനം ആലപിക്കാൻ പൊലീസുകാര്‍ നിര്‍ബന്ധിക്കുന്നതും അത് ഫോണിലെ കാമറയിൽ പകർത്തുന്നതുമാണ് വീഡിയോയുള്ളത്. കരഞ്ഞുകൊണ്ട് ദേശീയഗാനം പാടുന്നതിനിടെ, വന്ദേമാതരം പാടാന്‍ ആവശ്യപ്പെടുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ മറ്റൊരാൾ ഹിന്ദുസ്ഥാനിൽ താമസിക്കുന്നതിനെക്കുറിച്ച് ആക്രോശിക്കുന്നുണ്ട്. വീഡിയോയുടെ അവസാനഭാഗത്ത് ആസാദി എന്നും ഒരാള്‍ പറയുന്നുണ്ട്.
പരിക്കേറ്റ് വീണുകിടക്കുന്നവരെ ലാത്തികൊണ്ട് അടിച്ചും കുത്തിയുമാണ് പൊലീസുകാര്‍ ദേശീയഗാനം പാടിപ്പിച്ചത്. അതേസമയം, പൊലീസുകാരില്‍ ഒരാള്‍ ഒരു യുവാവിന്റെ തലമുടിയില്‍ പിടിച്ചുവലിക്കുകയും തല റോഡിലേക്ക് വലിച്ചിടിക്കുന്നതും കാണാം. വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. എന്നാൽ രൂക്ഷമായ പ്രതികരണങ്ങളാണ് വീഡിയോ പുറത്തായതോടെ വരുന്നത്. മുൻ സമാജ്‌വാദി പാർട്ടി എം.പിയും പത്രപ്രവർത്തകനുമായ ഷാഹിദ് സിദ്ദിഖി വീഡിയോ ട്വീറ്റ് ചെയ്യുകയും പരിക്കേറ്റുകിടക്കുന്നവര്‍ മുസ്‍ലിം യുവാക്കളാണെന്നും കുറിച്ചു. “ഡൽഹി പൊലീസ് മുസ്‍ലിം യുവാക്കളെ മർദ്ദിക്കുകയും ദേശീയഗാനം ആലപിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഗുണ്ടകളും പൊലീസും തമ്മിൽ വ്യത്യാസമില്ല. ഇന്നത്തെ ഇന്ത്യയുടെ ഭയാനകമായ യാഥാർത്ഥ്യം ഇവിടെ കാണാം.” ഷാഹിദ് സിദ്ദിഖി ട്വീറ്റ് ചെയ്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.