മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തിൽ നിന്ന് കണ്ടെടുത്തത് ഉഗ്ര പ്രഹരശേഷിയുള്ള ഐ ഇ ഡി ബോംബ്. ഇന്ന് പുലർച്ചെയാണ് വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെര്‍മിനലിലെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കൗണ്ടറില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിൽ പത്ത് കിലോ സ്‌ഫോടകശക്തിയുള്ള ഐ ഇ ഡി ബോംബ് കണ്ടെത്തിയത്.
ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ വയറുകള്‍ ഘടിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയത്.
മാരക പ്രഹര ശേഷിയുള്ള ഐ ഇ ഡി ബോംബാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. ഭീകരവാദ സംഘടനകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണ് ഐ ഇ ഡി ബോംബുകള്‍. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ആഘാതമുണ്ടാക്കുവാനുള്ള പ്രഹര ശേഷി കണ്ടെടുത്ത ബോംബിനുണ്ട്.
കസ്റ്റഡിയിലെടുത്ത ബോംബ് സുരക്ഷ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കിയെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ ഡോ പിഎസ് ഹര്‍ഷ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ബോംബ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരം നഗരത്തില്‍ റെയില്‍വെ സ്‌റ്റേഷന്‍ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം പരിശോധന ശക്തമാക്കി.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക