കോട്ടയം(www.mediavisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് പിന്മാറുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കേസ് പിൻവലിക്കാൻ കോടതിയോട് ആവശ്യപ്പെടുമെന്നും കെ സുരേന്ദ്രൻ കോട്ടയത്ത് അറിയിച്ചു. കേസ് വിജയിക്കണമെങ്കിൽ 67 സാക്ഷികൾ ഹാജരാകണമായിരുന്നു. അത് ലീഗും സിപിഎമ്മും ചേർന്ന് അട്ടിമറിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഈ വിഷയം ഇനി രാഷ്ട്രീയമായി നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേസ് പിന്‍വലിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പും നടക്കാനുള്ള സാധ്യത തെളിയുകയാണ്.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖിനോട് കെ സുരേന്ദ്രൻ പരാജയപ്പെട്ടത് 89 വോട്ടിനായിരുന്നു. സിപിഎമ്മും മുസ്ലീം ലീഗും ചേർന്ന് കള്ളവോട്ടും ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയത് എന്നായിരുന്നു കെ സുരേന്ദ്രന്‍റെ ആരോപണം. ഫലം ചോദ്യം ചെയത് സുരേന്ദ്രൻ നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് പി ബി അബ്ദുൾ റസാഖ് എംഎൽഎ അന്തരിച്ചത്. ഒരു കാരണവശാലും കേസിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ചിരുന്ന കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം നേതൃത്വവുമായി ആലോചിച്ച് കേസ് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞിരുന്നു.
2011 ലും 2016 ലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലും 2009 ലും 2014 ലും കാസർകോഡ് ലോക്സഭാ മണ്ഡലത്തിലുമായി നാല് തവണ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കെ സുരേന്ദ്രൻ. അതേസമയം മഞ്ചേശ്വരം മണ്ഡലത്തിൽ ഇനി മത്സരിക്കാനില്ലെന്നാണ് അദ്ദേഹത്തിന്‍റെ തീരുമാനം. ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരടക്കം ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന പ്രധാന മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നവരിൽ ഒരാൾ കെ സുരേന്ദ്രനാണ്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്‍റെ നിലപാട് മാറ്റം.
സാക്ഷികളെ ഹാജരാക്കുന്നത് സിപിഎമ്മും ലീഗും അട്ടിമറിച്ചെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
മുസ്ലീം ലീഗിലെ പി.വി. അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ട് വഴിയാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എണ്‍പത്തിയൊമ്പത് വോട്ടിനായിരുന്നു അബ്ദുള്‍ റസാഖ് വിജയിച്ചത്.
