കൊച്ചി(www.mediavisionnews.in): 2018ന് വിട. 2019നെ വരവേറ്റ് ലോകം. പോയവര്‍ഷത്തെ നഷ്ടങ്ങളും സങ്കടങ്ങളും പ്രളയദുഖവും മറന്ന് ആഘോഷലഹരിയില്‍ കേരളവും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഫോര്‍ട്ട്‌കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആയിരങ്ങള്‍ ആഘോഷം തുടങ്ങിയത്.

ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ ന്യൂസിലാന്റിലെ ഓക്ലാന്റിലാണ് ലോകത്ത് ആദ്യമായി പുതുവര്‍ഷം പിറന്നത്. ഇവിടെ കരിമരുന്ന് പ്രയോഗം കാണാന്‍ പതിനായിരങ്ങളെത്തി. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിലും പുതുവര്‍ഷമെത്തി. ദുബൈയില്‍ ബുര്‍ജ് ഖലീഫയിലാണ് പ്രധാനമായും ആഘോഷപരിപാടികള്‍ നടന്നത്. ദക്ഷിണ കൊറിയ. ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളെല്ലാം വിപുലമായ ആഘോഷങ്ങളോടെയാണ് 2019നെ സ്വാഗതം ചെയ്തത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പുതുവര്‍ഷം പിറന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും വേറിട്ട രീതിയിലാണ് ആഘോഷം നടന്നത്. ജക്കാര്‍ത്തയില്‍ നൂറുകണക്കിന് ദമ്പതിമാര്‍ സമൂഹ വിവാഹത്തിലൂടെ പുതുവത്സരത്തില്‍ ജീവിതപങ്കാളിയെ കണ്ടെത്തി. പാട്ടും നൃത്തവുമായി അമേരിക്കയും ഫ്രാന്‍സും ജര്‍മ്മനിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ പുതുവര്‍ഷത്തെ ആഘോഷത്തോടെ വരവേല്‍ക്കുകയാണ്.

ഇന്ത്യയിലെ പ്രധാനനഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, പനാജി എന്നിവിടങ്ങളിലും വ്യത്യസ്തമായ ആഘോഷം നടന്നു.

കൊച്ചി നഗരത്തിലെ വിവിധ സ്വകാര്യ ഹോട്ടലുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളത്തും വര്‍ക്കലയിലും വിദേശികളടക്കം നിരവധിപേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. പ്രളയ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. കോഴിക്കോട് കടപ്പുറത്ത് പുതുവത്സരത്തെ വരവേല്‍ക്കാന്‍ നിരവധി പേരെത്തി.







