സ്യൂട്ട്കേസിലെ മൃതദേഹം മകളുടേതെന്ന് മാതാവ്; ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ജീവനോടെ ഹാജരായി മകൾ

0
144

ഗാസിയാബാദ്: കഴിഞ്ഞ ജുലൈ 24 നാണ് ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഷാഹിബബാദിൽ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുത്തിടെ കാണായ പെൺകുട്ടിയുടെ മൃതദേഹമാണെന്ന് സംശയം തോന്നുകയും ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു.

ജൂലൈ 23 ന് ബുലന്ദ്ശഹറിൽ നിന്നും കാണാതായ വാരിഷ എന്ന യുവതിയുടെ മൃതദേഹമാണ് സ്യൂട്ട്കേസിൽ കണ്ടെത്തിയതെന്നായിരുന്നു നിഗമനം. പെൺകുട്ടിയുടെ മാതാപിതാക്കൾ മൃതദേഹം തിരിച്ചറിയുകയും ചെയ്തു. വാരിഷയുടെ ഭർത്താവ് ആമിറിനേയും മാതാപിതാക്കളേയും സ്ത്രീധന പീഡന നിരോധന നിയമം ചുമത്തി അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീടാണ് ആമിറിന്റെ ഭാര്യ വാരിഷ ജീവനോടെയുണ്ടെന്ന് കണ്ടെത്തുന്നതും സ്യൂട്ട്കേസിലെ മൃതദേഹം മറ്റൊരു സ്ത്രീയുടേതാണെന്ന് തിരിച്ചറിയുന്നതും.

മാതാവും സഹോദരനുമാണ് മൃതേദഹം വാരിഷയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ആമിറിനേയും മാതാപിതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭർത്താവിനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്ത കാര്യം അറിഞ്ഞ വാരിഷ തന്നെ നേരിട്ട് ഹാജരായതോടെയാണ് മൃതദേഹം മാറിയ കാര്യം മനസ്സിലായത്.

അതേസമയം, ഭർത്താവിന്റെ വീട് ഉപേക്ഷിച്ച് പോകാനുള്ള കാരണവും സ്ത്രീധന പീഡനമാണെന്ന് വാരിഷ പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഉപദ്രവിച്ചിരുന്നതായും ഇതോടെ ജുലൈ 22 ന് വീട് വിട്ട് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും വാരിഷ പറയുന്നു. നോയിഡയിൽ വെച്ചാണ് താൻ മരിച്ചെന്ന വാർത്തയും ഭർത്താവും മാതാപിതാക്കളും അറസ്റ്റിലായ വാർത്തയും വാരിഷ അറിയുന്നത്. ഇതോടെ തിരിച്ചു വരികയായിരുന്നു.

ഇതോടെ വാരിഷയുടെ ഭർത്താവിന്റെ പേരിലുള്ള സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകം വകുപ്പ് എഫ്ഐആറിൽ നിന്നും മാറ്റിയതായി പൊലീസ് അറിയിച്ചു. വാരിഷയെ കാണാനില്ലെന്ന പരാതിയും പൊലീസിന് നേരത്തേ ലഭിച്ചിരുന്നു.

അതേസമയം, സ്യൂട്ട്കേസിലുള്ള മൃതദേഹം ഇതുവരെ തിരിച്ചറിയാനും സാധിച്ചിട്ടില്ല. ഷാഹിബാബാദ് മേഖലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് പൊലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് വാട്സ്ആപ്പിൽ പ്രചരിച്ച ചിത്രം കണ്ട് ബന്ധുക്കൾ എത്തിയത്.

സ്ത്രീധനത്തിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കിയ ഭർത്താവിനെ കുറിച്ച് നേരത്തേ വാർത്ത വന്നിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here