ഹജ്ജ് വൻ വിജയം: ഇതേ മാർഗ്ഗത്തിൽ ഉംറ സീസൺ ആരംഭിക്കാനുള്ള പദ്ധതികൾ ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ

0
141

മക്ക: ഈ വർഷത്തെ ഹജ്ജ് വളരെ വിജയകരമായി പൂർത്തിയായതിനെത്തുടർന്ന് ഉംറ സീസൺ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ. സഊദി ഹജ്ജ് ഉംറ മന്ത്രാലയം തന്നെയാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. 

ഈ വർഷത്തെ അസാധാരണ ഹജ്ജിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ട് അടുത്ത ഉംറ സീസണിനായുള്ള ഒരുക്കങ്ങളെക്കുറിച്ച് മന്ത്രാലയം പദ്ധതികൾ തയ്യാറാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ: ഹുസൈൻ ശരീഫ് പറഞ്ഞു.

വളരെ കൃത്യതയോടെ കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് ഈ വർഷം നടത്തിയ ഹജ്ജ് പരിപൂർണ വിജയമായാണ് പര്യവസാനിച്ചത്. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഉംറയും പുനഃരാരംഭിക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. ഹജ്ജ് നടത്തിയ അതെ മാർഗത്തിൽ കൃത്യമായ നിയന്ത്രണങ്ങളോടെ ഉംറ തീർത്ഥാടനവും ആരംഭിച്ചാൽ യാതൊരു ആരോഗ്യ പ്രശ്നവും കൂടാതെ തീര്ത്ഥാടകർക്ക് പൂർണ്ണമായി ഉംറ നിർവ്വഹിച്ചു മടങ്ങാനാവും.

ഏതായാലും അന്തിമ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് വിശ്വാസികൾ. നിലവിൽ ഹജ്ജ് കഴിഞ്ഞതിനു പിറകെ പങ്കെടുത്ത ഹാജിമാർ തങ്ങളുടെ വീടുകളിൽ പതിനാല് ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണിപ്പോൾ. 

LEAVE A REPLY

Please enter your comment!
Please enter your name here