സന്ദര്‍ശക വിസയില്‍ തത്കാലം ഇന്ത്യക്കാര്‍ക്ക് ജോലി തേടി യുഎഇയിലേക്ക് വരാന്‍ കഴിയില്ലെന്ന് അംബാസിഡര്‍

0
129

യു.എ.ഇ.: നിലവില്‍ സന്ദര്‍ശക വിസയില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വരാന്‍ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. സന്ദര്‍ശക വിസക്കാരുടെ  യാത്രാചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ യുഎഇയിലേക്ക് വരാനാകില്ല. സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്.

നിലവില്‍ ഒരു വിമാന കമ്പനിയും  ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാരെ കൊണ്ടുവരുന്നില്ലെന്നും പവന്‍ കപൂര്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ അനുവദിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ദുബായ് അറിയിപ്പ് പുറത്തിറക്കിയിരുന്നു. ദുബായ് എമിറേറ്റ് സന്ദര്‍ശക വിസ നല്‍കി തുടങ്ങിയ സാഹചര്യത്തില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക്  അനുകൂലമായ സാഹചര്യം  ഇന്ത്യ ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.

നിലവില്‍  വന്ദേ ഭാരത് ദൗത്യത്തിലൂടെ താമസ വിസയുള്ളവര്‍ക്ക് മാത്രമേ യുഎഇയിലേക്ക് മടങ്ങാന്‍ കഴിയുള്ളൂ.

അതേസമയം സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍  ഇന്ത്യന്‍ അംബാസഡര്‍ നല്‍കി. കുടുംബാംഗങ്ങളെ കാണുന്നതടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ സന്ദര്‍ശക വിസയില്‍ വരുന്നതില്‍ തെറ്റില്ല.  ജോലി ഉറപ്പിച്ച് എത്തുന്നതും ന്യായീകരിക്കാം.

എന്നാല്‍ ജോലി അന്വേഷിച്ച് കണ്ടെത്താനാണ് സന്ദര്‍ശക വിസയില്‍ വരാനിരിക്കുന്നതെങ്കില്‍  ഇത് ശരിയായ സമയമാണോ എന്ന് അവരവര്‍ തന്നെ ചിന്തിക്കണമെന്നും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here