‘ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ അടുത്ത് ആരും ഇരിക്കുമായിരുന്നില്ല, ബസ്സില്‍ യാത്ര ചെയ്യുമ്പോഴും അങ്ങനെ തന്നെ’; വെളിപ്പെടുത്തലുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം

0
149

ജൊഹന്നാസ് ബെര്‍ഗ് (www.mediavisionnews.in):സഹതാരങ്ങളില്‍ നിന്ന് നിറത്തിന്റെ പേരില്‍ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മഖായ എന്റിനി. ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ആരും തന്നെ വിളിക്കാറില്ലായിരുന്നെന്നും തന്റെ അടുത്ത് ആരും ഇരിക്കാറില്ലായിരുന്നെന്നും ടീം തോല്‍ക്കുമ്പോള്‍ തന്നെ ഏറെയാണ് ഏറെ കുറ്റപ്പെടുത്തിയിരുന്നതെന്നും എന്റിനി പറയുന്നു. വംശവെറിക്കെതിരേ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എന്റിനിയുടെ വെളിപ്പെടുത്തല്‍

‘എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ആരും എന്റെ വാതിലില്‍ വന്നു മുട്ടുകയോ എന്നെ വിളിക്കുകയോ ചെയ്യില്ല. അതുപോലെ ഭക്ഷണത്തിനായി ഇരിക്കുമ്പോള്‍ എന്റെ അടുത്തു വന്നിരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. സ്വന്തം രാജ്യത്തിനായി ഒറ്റക്കെട്ടായി കളിക്കുമ്പോള്‍ പോലും അവരില്‍ നിന്ന് എന്നെ ഒറ്റപ്പെടുത്തി.’

‘ഒറ്റപ്പെടല്‍ ഒഴിവാക്കാനായി പലപ്പോഴും ഞാന്‍ ടീം ബസില്‍ യാത്ര ചെയ്യാറില്ലായിരുന്നു. പകരം ഞാന്‍ സ്റ്റേഡിയത്തിലേക്ക് ഓടിയാണ് പോയത്. കിറ്റ് ഡ്രൈവറുടെ കൈവശം കൊടുത്തു വിടും. കളി കഴിഞ്ഞു തിരിച്ചു പോകുമ്പോഴും ഇതുതന്നെയാണ് ചെയ്യാറുള്ളത്. ടീം ബസില്‍ പിന്നിലെ സീറ്റിലാണ് ഞാന്‍ ഇരിക്കുന്നതെങ്കില്‍ മറ്റു താരങ്ങളെല്ലാം മുന്നിലെ സീറ്റിലേക്ക് മാറിയിരിക്കും. ടീം  തോറ്റാല്‍ ആദ്യം കുറ്റപ്പെടുത്തുക എന്നെയായിരുന്നു.’ എന്റിനി പറഞ്ഞു.

തന്റെ മകന്‍ താണ്ടോയ്ക്കും ഈ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്റിന് വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റില്‍ 390 വിക്കറ്റും ഏകദിനത്തില്‍ 266 വിക്കറ്റും വീഴ്ത്തിയ താരമാണ് എന്റിനി. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ എന്ന കാമ്പെയ്‌ന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍താരങ്ങളുടെ കൂട്ടത്തില്‍ എന്റിനയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here