ഷാഹിദ് അഫ്രീദി കൊവിഡ് മുക്തനായി

0

കറാച്ചി  (www.mediavisionnews.in) : മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി കൊവിഡ് മുക്തനായി. താനും ഭാര്യയും രണ്ട് മക്കളും കൊവിഡ് ബാധയിൽ നിന്ന് മുക്തരായതായി അഫ്രീദി അറിയിച്ചു. തങ്ങളുടെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് അദ്ദേഹം അറിയിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അഫ്രീദി വിശേഷം പങ്കുവച്ചത്.

“ദൈവത്തിനു നന്ദി. ഭാര്യയും മക്കളും വീണ്ടും കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവ് ആവുകയും ചെയ്തു. നിങ്ങളുടെ ആശംസകൾക്ക് നന്ദി. നിങ്ങളെയും വേണ്ടപ്പെട്ടവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇനി കുടുംബത്തിനൊപ്പം. കുഞ്ഞിനെ ചേർത്ത് പിടിക്കുന്നത് ഞാൻ മിസ് ചെയ്യുകയായിരുന്നു”- കുഞ്ഞിനെ ചുംബിക്കുന്ന ചിത്രം പങ്കുവച്ച് അഫ്രീദി കുറിച്ചു.

ജൂൺ 13നാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വ്യാഴാഴ്ച മുതൽ ശാരീരികാസ്വാസ്ഥ്യം നേരിടുകയാണെന്നും പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയതെന്നുമായിരുന്നു ട്വീറ്റ്. എല്ലാവരുടേയും പ്രാർത്ഥന ഒപ്പം വേണമെന്നും ട്വീറ്റിൽ കുറിച്ചു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സ്ഥാപനത്തിലൂടെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഷാഹിദ് അഫ്രീദി.

ജൂൺ 18ന് താൻ ഭേദമായി വരികയാണെന്ന് അദ്ദേഹം അറിയിച്ചു. “ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ, അവസ്ഥ മാറിവരികയാണ്. കുട്ടികളെ നോക്കാനും അവരെ ആലിംഗനം ചെയ്യാൻ കഴിയാത്തതുമാണ് ഏറെ വിഷമകരം. അവരെ ഞാൻ മിസ് ചെയ്യുന്നു. പക്ഷേ, നമുക്ക് ചുറ്റുമുള്ളവരെ സുരക്ഷിതരാക്കാൻ ഇങ്ങനെ മുൻകരുതലുകൾ നമുക്ക് ആവശ്യമാണ്. എൻ്റെ ആരോഗ്യ നിലയെ സംബന്ധിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു വീഡിയോയുമായി ഞാൻ വന്നത്. ഇതിൽ ഒന്നും പേടിക്കാനില്ല. രോഗത്തിനെതിരെ നമ്മൾ പോരാടുക തന്നെ വേണം. അല്ലാതെ അതിനെ തോല്പിക്കാനാവില്ല.”- അഫ്രീദി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here