ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഷ്‌റഫെ മൊര്‍ത്താസക്ക് കോവിഡ്

0
222

ധാക്ക (www.mediavisionnews.in) :  ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ലഭിച്ച പരിശോധനാ ഫലത്തിലാണ് മൊര്‍ത്താസക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ധാക്കയിലെ വസതിയില്‍ ഐസൊലേഷനിലാണ് മൊര്‍ത്താസയെന്നാണ് വീട്ടുകാരെ ഉദ്ധരിച്ച് ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരികമായി അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും മൊര്‍ത്താസയുടെ ഇളയ സഹോദരനായ മൊര്‍സാലിന്‍ ബിന്‍ മൊര്‍ത്താസ പറഞ്ഞു. നേരത്തെ മഷ്‌റഫെ മൊര്‍ത്താസയുടെ ചില കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ പാകിസ്താനി ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

36കാരനായ മൊര്‍ത്താസ കഴിഞ്ഞ മാര്‍ച്ചിലാണ് വലിയ പ്രഖ്യാപനങ്ങളില്ലാതെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിരമിച്ചത്. ബംഗ്ലാദേശ് കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മൊര്‍ത്താസ. 219 ഏകദിനങ്ങളില്‍ നിന്നും 269 വിക്കറ്റുകളും 54 ടി20യില്‍ നിന്നും 42 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ബംഗ്ലാദേശ് എന്ന ചെറുകിട ടീമിനെ ബംഗ്ലാ കടുവകളാക്കി ആരെയും അട്ടിമറിക്കാന്‍ കെല്‍പുള്ളവരാക്കിയതില്‍ മൊര്‍ത്താസക്കുള്ള പങ്ക് ചെറുതല്ല. മൊര്‍ത്താസ നയിച്ച ബംഗ്ലാദേശ് ടീം ഇന്ത്യക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ഏകദിന പരമ്പര നേടിയിട്ടുണ്ട്. ഒരുതവണ ലോകകപ്പ് ക്വാര്‍ട്ടറിലും ചാമ്പ്യന്‍സ് ട്രോഫി സെമിയിലും ഏഷ്യ കപ്പ് ഫൈനലിലും മൊര്‍ത്താസക്കു കീഴില്‍ ബംഗ്ലാദേശ് കളിച്ചു.

ബംഗ്ലാദേശ് രാഷ്ട്രീയത്തിലും മൊര്‍ത്താസ വന്‍ വിജയമാണ്. അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായി 2018ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൊര്‍ത്താസ 2.71 ലക്ഷം വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പോള്‍ ചെയ്തതിന്റെ 97 ശതമാനം വോട്ടുകളും മൊര്‍ത്താസക്കാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here