അക്രമത്തിന് പ്രേരിപ്പിച്ച 900 തീവ്രവലതുപക്ഷ അക്കൌണ്ടുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്

0
239

സാന്‍ഫ്രാന്‍സിസ്കോ (www.mediavisionnews.in) : അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ പങ്കുവച്ച തീവ്രവലത്പക്ഷ അക്കൌണ്ടുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്. സീറ്റിലില്‍ തിങ്കളാഴ്ച നടന്ന വംശീയ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ അക്രമം ഉണ്ടാകാന്‍ പ്രേരിപ്പിച്ച രീതിയില്‍ ആശയങ്ങള്‍ പങ്കുവച്ച പ്രൌഡ് ബോയ്സ് അനുകൂലികളുടെ അക്കൌണ്ടുകളാണ് നീക്കം ചെയ്തവയില്‍ ഏറിയ പങ്കും. 900 ത്തോളം അക്കൌണ്ടുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തെന്നാണ് ഫേസ്ബുക്ക് ചൊവ്വാഴ്ച വിശദമാക്കിയത്. 

അക്കൌണ്ടുകള്‍ക്ക് നേരെയുള്ള ഈ നടപടി തുടരുമെന്നും ഫേസ്ബുക്ക് വിശദമാക്കി. രണ്ട് ആഴ്ച മുന്‍പ് ആരംഭിച്ച സ്ക്രീനിംഗിന്‍റെ ഭാഗമായാണ് നടപടിയെന്നും ഫേസ്ബുക്ക് റോയിട്ടേഴ്സിനോട് വ്യക്തമാക്കുന്നു. അമേരിക്കന്‍ ഗാര്‍ഡ്സ്, പ്രൌഡ് ബോയ്സ് എന്നീ തീവ്രവലത്പക്ഷ സംഘടനകളോട് അനുഭാവം പ്രകടിപ്പിച്ച് അക്രമത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതാണ് ഫേസ്ബുക്കിനെ കര്‍ശന നടപടിയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. മെയ് 30 ന് ഈ രണ്ട് സംഘടനകളുടേയും ഫേസ്ബുക്ക് അക്കൌണ്ടുകള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെട്ട എല്ലാവരേയും സ്ക്രീന്‍ ചെയ്തതെന്ന് ഫേസ്ബുക്ക് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്. 

ഇതിന് മുന്‍പും വെറുപ്പ് പ്രചരിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിച്ചിരുന്നു. ഗ്രൂപ്പുകളിലും പേജുകളിലും ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഫേസ്ബുക്ക് നേരത്തെ സ്വീകരിച്ചിരുന്നു. മിനിയപൊലിസിലെ ജോര്‍ജ് ഫ്ലോയിഡിന്‍റെ പൊലീസ് കസ്റ്റഡിയിലെ മരണത്തിന് പിന്നാലെയാണ് തീവ്രവലതുപക്ഷ അക്കൌണ്ടുകളിലെ വിദ്വേഷ പ്രചാരണം സജീവമായതെന്ന് ഫേസ്ബുക്ക് പ്രതികരിക്കുന്നു. 

ബൂഗലോ മൂവ്മെന്‍റ് എന്ന തീവ്രവലതുപക്ഷ അനുയായികളെ തിരിച്ചറിഞ്ഞ് നീക്കം ചെയ്ത് അവരെ നീക്കം ചെയ്യുന്നച് തുടരുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഇത്തരക്കാര്‍ വംശീയ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായി  അക്രമങ്ങളില്‍ ഏര്‍പ്പെടുന്നത് അടുത്തിടെ വര്‍ധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here