ഐപിഎല്‍ എപ്പോള്‍?; സൂചന നല്‍കി ബിസിസിഐ

0
149

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ എപ്പോള്‍ നടക്കുമെന്നകാര്യത്തില്‍ സൂചന നല്‍കി ബിസിസിഐ. രാജ്യത്തെ മണ്‍സൂണ്‍ കാലത്തിനുശേഷമെ ഐപിഎല്‍ സാധ്യമാവൂവെന്ന് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി വ്യക്തമാക്കി. ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കണോ എന്ന കാര്യത്തില്‍ ഐസിസി ബോര്‍‍ഡ് യോഗം ഈ മാസം 27ന് തീരുമാനമെടുത്തശേഷമാകും ഐപിഎല്‍ എപ്പോള്‍ നടത്തണമെന്ന കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുക്കുക.ടി20 ലോകകപ്പ് മാറ്റിവെക്കാനാണ് സാധ്യത എന്നതിനാല്‍ ഈ മാസങ്ങളില്‍ ഐപിഎല്‍ നടത്തുക എന്നതാണ് ബിസിസിഐ പരിഗണിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ പങ്കെടുക്കുന്നു എന്നതാണ് ഐപിഎല്ലിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് രാഹുല്‍ ജോഹ്റി പറഞ്ഞു. ഈ സാഹചര്യത്തില്‍ വിദേശതാരങ്ങളില്ലാതെ ഐപിഎല്‍ നടത്തുന്ന കാര്യം ബിസിസിഐയുടെ പരിഗണനയിലില്ല. സ്ഥിതിഗതികള്‍ സാധാരണ നിലയിലാവുകയാണെങ്കില്‍ പടിപടിയായി മത്സരം നടത്തുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുമെന്നും രാഹുല്‍ ജോഹ്റി വ്യക്തമാക്കി.

ലോക്ഡൗണ്‍ അവസാനിച്ചതിന് പിന്നാലെ രാജ്യത്ത് മണ്‍സൂണ്‍ എത്തും. മണ്‍സൂണ്‍ കാലത്ത് ഐപിഎല്‍ നടത്താനാവില്ല എന്നതിനാല്‍ ഇതിനുശേഷം മാത്രമെ ടൂര്‍ണമെന്റ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളു. എന്നാല്‍ അതിന് മുമ്പ് രാജ്യത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും രാഹുല്‍ ജോഹ്റി പറഞ്ഞു. ടി20 ലോകകപ്പ് മാറ്റിവെച്ചാലും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്തുക എന്നത് എളുപ്പമല്ലെന്നും രാഹുല്‍ ജൊഹ്റി വ്യക്തമാക്കി.

രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാലും ഐപിഎല്ലില്‍ കളിക്കാനായി രാജ്യത്തെത്തുന്ന വിദേശതാരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് മുമ്പ് ക്വാറന്റൈനില്‍ പോവേണ്ടിവരും. അത് മത്സരക്രമത്തെ ആകെ ബാധിക്കാനിടയുണ്ട്. പരിശീലനത്തിന് മുമ്പും കളിക്കാര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പോണന്ന നിര്‍ദേശം കൂടി വന്നാല്‍ ഐപിഎല്‍ പ്രായോഗികുമോ എന്ന ആശങ്കയുമുണ്ട്.

എങ്കിലും ഐപിഎല്‍ നടക്കുമെന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും രാഹുല്‍ ജോഹ്റി പറഞ്ഞു. മാര്‍ച്ച് 29ന് തുടങ്ങാനിരുന്ന ഐപിഎല്‍ കൊവി‍ഡ് 19 മഹാമാരിയെത്തുടര്‍ന്ന് ആദ്യം ഏപ്രില്‍ 15ലേക്കും പിന്നീട് അനിശ്ചിതകാലത്തേക്കും നീട്ടിവെക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here