കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; ഭരണം നിലനിര്‍ത്താന്‍ വേണ്ട സീറ്റുകള്‍ ലഭിക്കുമോ?, ആകാംക്ഷയോടെ ബിജെപി

0

ബെംഗലൂരു: (www.mediavisionnews.in) എംഎല്‍എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് കര്‍ണാടയിലെ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം തിങ്കളാഴ്ച അറിയും. രാവിലെ ഒമ്പതോടെ ആദ്യ സൂചനയും ഉച്ചയോടെ മുഴുവന്‍ ഫലവും അറിയും. ഭരണകക്ഷിയായ ബിജെപിയുടെ ഭാവിയെ നിര്‍ണയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നതിനാല്‍ ആശങ്കയോടെയാണ് കാത്തിരിക്കുന്നത്.

225 അംഗ നിയമസഭയില്‍ 113 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 17 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് 208 അംഗങ്ങളിലെ 105 പേരുടെ പിന്തുണയോടെയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായത്. 17 എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതില്‍ രണ്ട് പേരുടെ കേസില്‍ തീര്‍പ്പായിട്ടില്ല. അതുകൊണ്ട് തന്നെ 223 അംഗ നിയമസഭയില്‍ 112 പേരുടെ പിന്തുണ ആവശ്യമാണ്. നാളെ പുറത്തുവരുന്ന ഫലത്തില്‍ ആറ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചില്ലെങ്കില്‍ സര്‍ക്കാറിന് നിലനില്‍ക്കാനാവില്ല. നിലവില്‍ കോണ്‍ഗ്രസിന് 66 സീറ്റും ജെഡിഎസിന് 34സീറ്റുമാണ് ഉള്ളത്.

ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മണ്ഡലങ്ങളില്‍ കനത്ത പൊലീസ് സുരക്ഷയൊരുക്കി. എക്സിറ്റ് പോളുകള്‍ പ്രകാരം ബിജെപി 9-12 സീറ്റുകള്‍ നേടുമെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ യെദിയൂരപ്പ് വെല്ലുവിളിയില്ലാതെ ഭരണത്തില്‍ തുടരാം. കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ബിജെപി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചില്ലെങ്കില്‍ കര്‍ണാടക വീണ്ടും രാഷ്ട്രീയ നാടകത്തിന് വേദിയാകും. ബിജെപിക്ക് ആറ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ജെഡിഎസിന്‍റെ നിലപാട് നിര്‍ണായകമാകും. ബിജെപി സര്‍ക്കാറിനെ താഴെയിറക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എച്ച് ഡി കുമാരസ്വാമി ആദ്യം വ്യക്തമാക്കിയെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here