പന്തിൽ കൃത്രിമം കാട്ടി വിൻഡീസ് താരം കുടുങ്ങി; 4 മത്സരങ്ങളിൽനിന്ന് വിലക്ക്

0
165

ദുബായ്(www.mediavisionnews.in):അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പന്തിൽ കൃത്രിമം കാട്ടിയ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സസ്പെൻഡ് ചെയ്തു. പന്തിന്റെ സ്വാഭാവിക അവസ്ഥയിൽ ബോധപൂർവം വ്യതിയാനം വരുത്തിയതിനാണ് ഇരുപത്തിനാലുകാരനായ പുരാനെതിരെ കടുത്ത നടപടി. നാലു മത്സരങ്ങളിൽനിന്നാണ് വിലക്ക്.

ലക്നൗവിൽ നവംബർ 11ന് നടന്ന മൂന്നാം ഏകദിനത്തിനിടെ പുരാൻ പെരുവിരലിന്റെ നഖമുപയോഗിച്ച് പന്തിൽ ചുരണ്ടുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ സസ്പെൻഡ് ചെയ്ത് ഐസിസിയുെട തീരുമാനം എത്തിയത്. പുരാന്റെ പേരിൽ അഞ്ച് ഡീമെറിറ്റ് പോയിന്റും ചുമത്തി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര വിൻഡീസ് തൂത്തുവാരിയിരുന്നു.

ഇതോടെ, വെസ്റ്റിൻഡീസിന്റെ അടുത്ത നാല് ട്വന്റി20 മത്സരങ്ങളിൽ പുരാന് കളത്തിലിറങ്ങാനാകില്ല. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.1.4 ലംഘിച്ചതിനാണ് നാലു മത്സരങ്ങളിൽനിന്ന് വിലക്കിയത്. ലെവൽ 3 കുറ്റമാണ് പുരാൻ ചെയ്തതെന്ന് ഐസിസി കണ്ടെത്തി. ഇതിന്റെ പേരിൽ ലഭിച്ച നാല് സസ്പെൻഷൻ പോയിന്റുകൾ ഫലത്തിൽ അഞ്ച് ഡീമെറിറ്റ് പോയിന്റുകളായി പുരാന്റെ പേരിൽ രേഖപ്പെടുത്തും.

നാല് സസ്പെൻഷൻ പോയിന്റുകൾ രണ്ട് ടെസ്റ്റിൽനിന്നോ നാല് ഏകദിന/ട്വന്റി20 മത്സരങ്ങളിൽനിന്നോ താരത്തെ വിലക്കാൻ പര്യാപ്തമാണ്. ചട്ടലംഘനം നടത്തുന്ന താരത്തിന്റെ ടീം ആദ്യം കളത്തിലിറങ്ങുന്ന മത്സരം ഏതാണോ അതനുസരിച്ചാണ് വിലക്കിന്റെ സ്വഭാവം തീരുമാനിക്കുക.

പുരാന്റെ കാര്യത്തിൽ വെസ്റ്റിൻഡീസിന്റെ അടുത്ത മത്സരം അഫ്ഗാനിസ്ഥാനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയാണ്. അതിനുശേഷം ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പര. ഫലത്തിൽ മൂന്നു മത്സരങ്ങളടങ്ങിയ അഫ്ഗാനെതിരായ പരമ്പര പുരാന് പൂർണമായും നഷ്ടമാകും. ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20യിലും പുരാന് കളത്തിലിറങ്ങാനാകില്ല.

വിവാദ സംഭവം അരങ്ങേറിയ മൂന്നാം ഏകദിനത്തിൽ ഓൺ–ഫീൽഡ് അംപയർമാരായിരുന്ന ബിസ്മില്ല ഷിൻവാരി, അഹമ്മദ് ദുറാനി എന്നിവർക്കൊപ്പം തേഡ് അംപയർ അഹമ്മദ് പാക്തീൻ, ഫോർത്ത് അംപയർ ഇസത്തുല്ല സഫി എന്നിവർ ചേർന്നാണ് പുരാനെതിരെ കുറ്റം ചുമത്തിയത്. ഇക്കാര്യം സമ്മതിച്ച പുരാൻ, മാച്ച് റഫറി ക്രിസ് ബ്രോഡ് ഏർപ്പെടുത്തിയ ശിക്ഷയും ഏറ്റുവാങ്ങുകയായിരുന്നു.

‘വിൻഡീസ് ടീമിലെ എന്റെ സഹതാരങ്ങളോടും ആരാധകരോടും അഫ്ഗാൻ ടീമിനോടും ലക്നൗവിൽ മത്സരത്തിനിടെ സംഭവിച്ച കാര്യങ്ങളിൽ ഞാൻ നിരുപാധികം മാപ്പു ചോദിക്കുന്നു. ഞാൻ തെറ്റുവരുത്തിയതായി തുറന്നു സമ്മതിക്കുന്നു. ഐസിസി തീരുമാനിച്ച ശിക്ഷയും ഏറ്റുവാങ്ങുന്നു.

ലക്നൗവിൽ സംഭവിച്ചത് തീർത്തും ഒറ്റപ്പെട്ട സംഭവമാണെന്നും മേലിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും ഉറപ്പു നൽകുന്നു. ഈ തെറ്റിൽനിന്ന് പാഠം പഠിച്ച് കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്നും വാഗ്ദാനം ചെയ്യുന്നു’ – ഐസിസി വിലക്കിനെക്കുറിച്ച് പുരാൻ പ്രതികരിച്ചു.

2016ൽ പാക്കിസ്ഥാനെതിരായ ട്വന്റി20 മത്സരത്തിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച പുരാൻ വിൻഡീസ് ടീമിലെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. രാജ്യാന്തര ക്രിക്കറ്റിൽ 16 ഏകദിനങ്ങളിൽനിന്ന് 44.58 റൺസ് ശരാശരിയിൽ 535 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടുന്നു.

14 ട്വന്റി20 മത്സരങ്ങളിൽനിന്ന് 22.83 ശരാശരിയിൽ 274 റൺസും നേടി. ഇതിൽ രണ്ട് അർധസെഞ്ചുറികളുമുണ്ട്. വിക്കറ്റ് കീപ്പർ കൂടിയായ പുരാന്റെ പേരിൽ ഏകദിനത്തിലും ട്വന്റി20യിലും ആറു വീതം ക്യാച്ചുകളും ഏകദിനത്തിൽ ഒരു സ്റ്റംപിങ്ങുമുണ്ട്. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ് താരമാണ്. മുംബൈ ഇന്ത്യൻസിനായും കളിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here