ദിവസത്തില്‍ ഒന്നോ രണ്ടോ സിഗരറ്റ് മാത്രം വലിച്ചാല്‍ പ്രശ്‌നമുണ്ടോ?; ഡോക്ടര്‍മാര്‍ പറയുന്നു

0
235

കൊളംബിയ (www.mediavisionnews.in):’ഞാന്‍ അധികം വലിക്കില്ല, ദിവസത്തില്‍ ഒന്നോ രണ്ടോ സിഗരറ്റൊക്കെയാണ് പരമാവധി’ എന്ന് സ്വയം ജാമ്യമെടുക്കുന്നവരെ കണ്ടിട്ടില്ലേ? കേള്‍ക്കുമ്പോള്‍ നമുക്കും തോന്നിയേക്കാം, അത്ര അധികമൊന്നും വലിക്കുന്നില്ലെങ്കില്‍ അതിന് അനുസരിച്ച് അസുഖസാധ്യതകളും കുറയുമല്ലോയെന്ന്.

എന്നാല്‍ സത്യത്തില്‍ ഈ വാദത്തില്‍ ഒരു കഥയുമില്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഡോക്ടര്‍മാരാണ് ഈ പഠനത്തിന് പിന്നില്‍. 25,000 പേരെ പങ്കെടുപ്പിച്ചാണ് ഇവര്‍ പഠനം നടത്തിയത്.

ഇതില്‍ ദിവസത്തില്‍ രണ്ട് പാക്കറ്റ് സിഗരറ്റ് വരെ വലിക്കുന്നവരും, ഒന്നോ രണ്ടോ സിഗരറ്റ് മാത്രം വലിക്കുന്നവരും വലി നിര്‍ത്തിയവരും ഒട്ടും വലിക്കാത്തവരുമെല്ലാം ഉണ്ടായിരുന്നു. ഇവരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിലവാരം പരിശോധിച്ചായിരുന്നു പഠനസംഘം നിഗമനത്തിലെത്തിയത്.

അതായത് ദിവസത്തില്‍ കുറവ് സിഗരറ്റ് വലിക്കുന്നവരും രണ്ട് പാക്കറ്റ് വലിക്കുന്നവരുമെല്ലാം ഒരുപോലെ രോഗസാധ്യതയിലും അപകടസാധ്യതയിലുമാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. കുറവ് എണ്ണം മാത്രം വലിച്ചത് കൊണ്ട് ശ്വാസകോശവുമായി ബന്ധപ്പെട്ട് പിടിപെടുന്ന അസുഖങ്ങളില്‍ നിന്ന് ആരും രക്ഷ നേടില്ലെന്നും, ഓരോ വ്യക്തിയുടേയും പൊതുവിലുള്ള ആരോഗ്യാവസ്ഥ, ലിംഗവ്യത്യാസം, പ്രായം എന്നിങ്ങനെയുള്ള ഘടകങ്ങളേ ഇതില്‍ സ്വാധീനം ചെലുത്തുന്നുള്ളൂവെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇനി, സിഗരറ്റ് വലി പൂര്‍ണ്ണമായും ഉപേക്ഷിച്ചവരുടെ കാര്യത്തില്‍ അവര്‍ വലി തുടങ്ങുന്നതിന് മുമ്പുള്ള ആരോഗ്യാവസ്ഥയിലേക്ക് അത്ര പെട്ടെന്നൊന്നും എത്തുന്നില്ലെന്നും പഠനം നിരീക്ഷിക്കുന്നു. പത്തും മുപ്പതും വര്‍ഷം വരെ ഇതിന് സമയമെടുക്കുമത്രേ. ചിലര്‍ക്ക് ഒരിക്കലും പഴയ ആരോഗ്യത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ല. അത്രമാത്രം അപകടം പിടിച്ച ഒന്നാണ് പുകവലിയെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here