‘ഇന്ത്യയുടെ ജിഡിപി താഴും, പണപ്പെരുപ്പം വര്‍ധിക്കും’; പ്രവചനം തിരുത്തി മൂഡീസ്

0
175

ദില്ലി (www.mediavisionnews.in) : ഇന്ത്യയുടെ ജിഡിപി(മൊത്ത ആഭ്യന്തര ഉല്‍പാദന) വളര്‍ച്ചയില്‍ പ്രവചനം തിരുത്തി മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.2 ശതമാനം മാത്രമായിരിക്കുമെന്ന് മൂഡീസ് വ്യക്തമാക്കി. നേരത്തെ, ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.8 ശതമാനമാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടര്‍ന്നാണ് മൂഡീസ് പ്രവചനം തിരുത്തിയത്. 2020ലെ പ്രവചനവും തിരുത്തിയിട്ടുണ്ട്. 0.6 ശതമാനം കുറച്ച് 6.7 ശതമാനം മാത്രമായിരിക്കും 2020ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച. 

ഗ്രാമീണ മേഖലയിലെ സാമ്പത്തിക തളര്‍ച്ചയും കുറഞ്ഞ വേതനവുമാണ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കുറയാന്‍ കാരണമാകുകയെന്ന് മൂഡീസ് വ്യക്തമാക്കി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ തളര്‍ച്ചയും നിക്ഷേപക്കുറവും ഇന്ത്യക്ക് തിരിച്ചടിയാകും. മൂഡീസ് റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ 7.4 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളര്‍ച്ച. ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഈ സാമ്പത്തിക വര്‍ഷം ഏഴ് ശതമാനത്തില്‍നിന്ന് 6.9 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്കും വ്യക്തമാക്കിയിരുന്നു.

ജനുവരി-മാര്‍ച്ച് കാലയളവില്‍ ഇന്ത്യയുടെ ജിഡിപി കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ഏറ്റവും കുറവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്(5.8). പണപ്പെരുപ്പം ഈ വര്‍ഷം 3.7 ശതമാനവും അടുത്ത വര്‍ഷം 4.5 ശതമാനമായും ഉയരുമെന്നും മൂഡീസ് പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷം 2.9 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇന്ത്യയടക്കമുള്ള 16 ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ച നിരക്ക് പ്രവചിച്ചതും മൂഡീസ് തിരുത്തിയിട്ടുണ്ട്. മിക്ക ഏഷ്യന്‍ രാജ്യങ്ങളുടെയും ജിഡിപി വളര്‍ച്ച താഴുമെന്നാണ് പുതിയ പ്രവചനം. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here