സൂക്ഷിക്കുക, പുത്തൻ തട്ടിപ്പ് ഗൂഗിൾപേ വഴി: പണം തരാനെന്ന വ്യാജേന പണം തട്ടും

0
301


തൃശൂർ (www.mediavisionnews.in) : ഓൺലൈൻ തട്ടിപ്പുകാർ തട്ടിപ്പിന്റെ പുതുവഴികൾ തേടുന്നത് ഗൂഗിളിന്റെ യുപിഐ ആപ്പായ ഗൂഗിൾ പേ വഴി. ഗൂഗിൾ പേയിൽ പണം നൽകാനെന്ന വ്യാജേന പണം ‘റിക്വസ്റ്റ്’ ചെയ്താണ് തട്ടിപ്പ്.

തൃശൂർ സ്വദേശിയായ ഫാം ഉടമയുടെ ഫോണിൽ വിളിച്ച് നീരജ് കുമാർ എന്നയാൾ ഇത്തരം തട്ടിപ്പ് നടത്താൻ ശ്രമിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. ‘‘താങ്കളുടെ ഫാമിൽ നിന്ന് 2 ആടുകളെ വാങ്ങാൻ താൽപര്യമുണ്ട്. മുൻകൂറായി 10,000 രൂപ അക്കൗണ്ടിലേക്ക് അയച്ചുതരാം.’’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഫാം ഉടമയുടെ ഫോണിൽ കോൾ വന്നത്. ഗൂഗിൾ പേ സംവിധാനം ഉപയോഗിച്ച് പണം അക്കൗണ്ടിലേക്കു മാറ്റാമെന്നായിരുന്നു വാഗ്ദാനം. അക്കൗണ്ട് നമ്പർ കൊടുത്തതിനു പിന്നാലെ ഫോണിലെത്തിയ സന്ദേശത്തിൽ ഫാം ഉടമയ്ക്കു നേരിയ സംശയം തോന്നിയതു രക്ഷയായി.

ഫോണിൽ വിളിച്ചു തട്ടിപ്പു നടത്തുന്ന സംസ്ഥാനാന്തര സംഘത്തിന്റെ പുതിയ തട്ടിപ്പ് രീതിയായിരുന്നു ഇത്. ഓൺലൈൻ ബിസിനസ് ഡയറക്ടറികളിൽ നിന്നു പേരും വിലാസവും ഫോൺ നമ്പറും തപ്പിയെടുത്തു വിളിച്ചാണ് തട്ടിപ്പ്. ചെറുകിട സംരംഭകരെയാണ് തട്ടിപ്പുകാർ ഉന്നംവയ്ക്ക‍ുക. ‍വാണിജ്യ സൈറ്റുകളിലെ പരസ്യങ്ങളിൽ നിന്നു നമ്പർ സംഘടിപ്പിച്ചും വിളിവരാം. ഈ നമ്പറുകളിൽ വിളിച്ച് ഓരോ സംരംഭകരോടും വ്യാപാരത്തിനു താൽപര്യമുണ്ടെന്നും പണം ഗൂഗിൾ പേ സംവിധാനത്തിലൂടെ അക്കൗണ്ടിലേക്കു മാറ്റിനൽകാമെന്നും വാഗ്ദാനം ചെയ്യും. ഇതു വിശ്വസിച്ച് സംരംഭകർ അക്കൗണ്ട് വിവരങ്ങൾ നൽകും.

കടപ്പാട്: മനോരമ

അക്കൗണ്ടിലേക്കു മാറ്റിനൽകാമെന്നു വാഗ്ദാനം ചെയ്യപ്പെട്ട തുകയുടെ വിവരങ്ങളുമായി ഫോണിൽ ഒരു വിൻഡോ തെളിഞ്ഞുവരുന്നതുകാണാം.  അതിനു താഴെ ‘പേ ഫോർ റിസീവ് മണി’ എന്ന സന്ദേശം കാണാം. പണം സ്വീകരിക്കാനുള്ള നിർദേശമാണതെന്നു തെറ്റിദ്ധരിച്ച് ബട്ടൺ അമർത്തി പേയ്മെന്റ് നടത്തിയാൽ അത്രയും പണം സ്വന്തം അക്കൗണ്ടിൽ നിന്നു നഷ്ടപ്പെടും. കാരണം, പണം അക്കൗണ്ടിലിട്ടു നൽകാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പുകാരൻ അയയ്ക്കുന്നതു ‘പേയ്മെന്റ് റിക്വസ്റ്റ്’ ആണ്. കൂട്ടത്തിൽ കാണുന്ന “പേ ഫോർ റിസീവ്” എന്നത് അതിന്റെ കൂടെ അയയ്ക്കുന്ന മെസേജും. തട്ടിപ്പാണെന്നു മനസിലാക്കി നമ്പറിലേക്കു തിരികെ വിളിച്ചാൽ അസഭ്യ വാക്കുകൾ ഹിന്ദിയിൽ കേൾക്കുകയും ചെയ്യാം.

സമാന മാതൃകയിൽ ഒട്ടേറെ പേരുടെ പണം നഷ്ടപ്പെട്ടതായി സൈബർസെൽ അറിയിച്ചു. ഡയറക്ടറികളിൽ നിന്നു നമ്പർ തപ്പിയെടുത്തു വിളിച്ചു പറ്റിക്കാൻ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൾ സെന്ററുകൾ പോലും പ്രവർത്തിക്കുന്നുണ്ട്. ഫോണിലൂടെ വരുന്ന സന്ദേശങ്ങളിൽ വിശ്വസിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളോ എടിഎം കാർഡിന്റെ വിശദാംശങ്ങളോ പങ്കുവയ്ക്കുന്നതാണ് പലപ്പോഴും പണം നഷ്ടപ്പെടാൻ ഇടയാക്കുന്നതെന്ന് സൈബർ സെൽ അധികൃതർ അറിയിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here