പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്ക് ഇന്തോനേഷ്യയില്‍ പരസ്യമായി 100 ചാട്ടവാറടി; പൊട്ടിയൊലിച്ച ശരീരത്തിന്റെ ചിത്രം വൈറല്‍

0
170

ജക്കാര്‍ത്ത(www.mediavisionnews.in): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് പുരുഷന്മാര്‍ക്ക് 100 തവണ ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവുശിക്ഷയും വിധിച്ച് ഇന്തോനേഷ്യന്‍ കോടതി. അഞ്ചുതവണ ചാട്ടയടിയേറ്റ് പുളഞ്ഞപ്പോഴേക്കും ഇതിലൊരാള്‍ കരഞ്ഞപേക്ഷിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇയാളെ പരിശോധിച്ച് 95 അടികൂടി നല്‍കാവുന്നതാണെന്ന് വിധിയെഴുതി. മറ്റേയാള്‍ നിശബ്ദം നിന്ന് 100 ചാട്ടയടിയും കൊണ്ടു. ചാട്ടയടിയേറ്റ് പൊട്ടിയൊലിച്ച ഇരുവരുടെയും ശരീരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്തോനേഷ്യയില്‍ വൈറലാകുന്നത്.

ഇന്തോനേഷ്യയിലെ അച്ചേ പ്രവിശ്യയിലാണ് സംഭവം. ഇതിലൊരാള്‍ തന്റെ വളര്‍ത്തുമകളെയാണ് പീഡിപ്പിച്ചത്. മറ്റേയാള്‍ തന്റെ അയല്‍ക്കാരിയായ പെണ്‍കുട്ടിയെയും. ഇരുവരും യാതൊരു ദയാദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് അച്ചേയിലെ ശരിയത്ത് കോടതി വിധിച്ചു. ഇന്തോനേഷ്യയിലെ വിവാഹപ്രായം 18 വയസ്സാണ്. 16 തികഞ്ഞാല്‍ രക്ഷിതാക്കളുടെ അനുമതിയോടെ വിവാഹം ചൈയ്യാനാകും. ശരിയത്ത് നിയമങ്ങള്‍ അതേപടി പിന്തുടരുന്ന പ്രവിശ്യയാണ് അച്ചേ. ചൂതാട്ടം, മദ്യപാനം, സ്വവര്‍ഗരതി, വിവാഹേതര ബന്ധം എന്നിവയ്‌ക്കെല്ലാം കടുത്ത ശിക്ഷയാണ് ഇവിടെയുള്ളത്. ഇസ്ലാമിക് നിയമം പിന്തുടരുന്ന ഇന്തോനേഷ്യയിലെ ഏക പ്രവിശ്യയും അച്ചേയാണ്.

കടുത്ത കുറ്റങ്ങള്‍ക്കാണ് 100 ചാട്ടയടി വിധിക്കാറുള്ളത്. ചൂതാട്ടവും മദ്യപാനവും പോലുള്ള കുറ്റങ്ങള്‍ക്ക് ഏഴുമുതല്‍ പതിനൊന്ന് അടിവരെയാണ് ശിക്ഷ. അത് ഇടയ്ക്കിടെ അച്ചേയില്‍ നടപ്പാക്കാറുമുണ്ട്. എന്നാല്‍, നൂറടി ശിക്ഷ വളരെ അപൂര്‍വമായാണ് വിധിക്കാറ്. ബുധനാഴ്ച ശിക്ഷാവിധി നടപ്പാക്കിക്കൊണ്ടിരിക്കെയാണ് ശിക്ഷിക്കപ്പെട്ടയാള്‍ കരഞ്ഞ് കൈകൂപ്പി അടി നിര്‍ത്തണമെന്ന് അപേക്ഷിച്ചത്. അപ്പോള്‍ത്തന്നെ ഡോക്ടര്‍മാരെത്തി ഇയാളെ പരിശോധിക്കുകയായിരുന്നു. കുഴപ്പമില്ലെന്ന് അവര്‍ വിധിച്ചതോടെ, 95 അടികൂടി ഇയാള്‍ക്ക് ഏല്‍ക്കേണ്ടിവന്നു.

എന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കില്‍ ചാട്ടയടി മാറ്റിവെക്കുമായിരുന്നുവെന്ന് അഭിഭാഷകനായ ഇസ്‌നാവതി പറഞ്ഞു. ഇത്തരം ശിക്ഷാവിധികള്‍ പരസ്യമായാണ് നടപ്പാക്കാറ്. പലപ്പോഴും കുട്ടികളടക്കം നൂറുകണക്കിനാളുകള്‍ ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തും. ബുധനാഴ്ചത്തെ ചാട്ടയടി കാണാന്‍ ചുരുക്കം പേരേ ഉണ്ടായിരുന്നുള്ളൂ. പരസ്യമായ ചാട്ടയടി പ്രാകൃതമായ ശിക്ഷാരീതിയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ വാദിക്കുന്നുണ്ടെങ്കിലും അച്ചേയില്‍ അത് മുടങ്ങാതെ നടക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here