Wednesday, January 26, 2022
Home Blog

കേരളത്തില്‍ 49,771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി.പി.ആർ 48.06%

തിരുവനന്തപുരം: കേരളത്തില്‍ 49,771 പേര്‍ക്ക് കൊവിഡ്19 (Covid 19) സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 77 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,281 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 196 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 45,846 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 457 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,439 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 9582, കൊല്ലം 755, പത്തനംതിട്ട 536, ആലപ്പുഴ 1043, കോട്ടയം 2364, ഇടുക്കി 955, എറണാകുളം 4768, തൃശൂര്‍ 3600, പാലക്കാട് 1539, മലപ്പുറം 1681, കോഴിക്കോട് 3381, വയനാട് 520, കണ്ണൂര്‍ 1814, കാസര്‍ഗോഡ് 1901 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,00,556 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 54,21,307 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ടീം ഇന്ത്യയിൽ വൻ അഴിച്ചുപണിക്ക് സാധ്യത: ഷാറൂഖ് ഖാനും റിഷി ധവാനും ഇടം ലഭിച്ചേക്കും

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിലെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ റിഷി ധവാൻ, ഷാറൂഖ് ഖാൻ എന്നീ താരങ്ങൾ ദേശീയ ടീമിൽ ഇടം പിടിക്കാൻ സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ വലിയ തോൽവിക്ക് പിന്നാലെയാണ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. രോഹിത് ശർമ്മ നായകനായി തന്നെ ഏകദിന ടീമിലേക്ക് മടങ്ങിയെത്തും.

വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് റിഷിയെ ഇന്ത്യൻ ടീമിലേക്ക് പരി​ഗണിക്കാൻ കാരണം. ഹിമാചലിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന ഈ ഓൾറൗണ്ടർ ടൂർണമെന്റിലെ എട്ട് മത്സരങ്ങളിൽ നിന്ന് 458 റൺസ് നേടിയിരുന്നു. 18 വിക്കറ്റും റിഷിയുടെ പേരിലുണ്ടായിരുന്നു. തമിഴ്നാടിന്റെ വെടിക്കെട്ട് ബാറ്ററായ ഷാരൂഖിനെ വിൻഡീസിനെതിരായ ടി20 പരമ്പരയിലേക്കാണ് പരി​ഗണിക്കുന്നത്.

സെയിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് ഷാറൂഖിന് തുണയായത്. 31-കാരനായ റിഷി 2016-ൽ ഇന്ത്യക്കായി രണ്ട് ഏകിദനും ഒരു ടി20യും കളിച്ചിരുന്നു. ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം പുറത്തിരിക്കുന്നതിനാല്‍ ഓൾറൗണ്ടർ എന്ന നിലയ്ക്കാണ്‌ റിഷിയെ പരിഗണിക്കുന്നത്. വാലറ്റത്ത് നടത്തുന്ന വെടിക്കെട്ട് ബാറ്റിങാണ് ഷാറൂഖിന് തുണയാകുക.

അതേസമയം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടി20 പരമ്പരക്കായുള്ള ടീമിൽ വൻ അഴിച്ചുപണി ഉണ്ടാകുമെന്ന് ഉറപ്പാണ്. മധ്യനിരയും വാലറ്റവും ഉടച്ചുവാര്‍ക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കുറച്ചു കാലങ്ങളായി മോശം ഫോമിൽ തുടരുന്ന ഭുവനേശ്വർ കുമാറിനും ടീമിൽ സ്ഥാനമുണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ജസ്പ്രീത് ബുറംക്ക് വിശ്രമം അനുവദിച്ചേക്കും. യുവതാരം വെങ്കിടേഷ് അയ്യരെയും പരിഗണിക്കാൻ സാധ്യത കുറവാണ്. അശ്വിനും ഇടം ലഭിച്ചേക്കില്ല. വിശ്രമം വേണമെന്ന് അശ്വിന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുളുണ്ട്.

മൂന്ന് വീതം ഏകദിനങ്ങളും ടി20യും അടങ്ങുന്നതാണ് ഇന്ത്യയും വെസ്റ്റ്ഇൻഡീസും തമ്മിലുള്ള പരമ്പര. ആദ്യ ഏകദിനം ഫെബ്രുവരി ആറിന് അഹമ്മദാബാദിലാണ്. മൂന്ന് ഏകദിന മത്സരങ്ങളും ഇതെ വേദിയിലാണ്. ടി20 മത്സരങ്ങൾ കൊൽക്കത്തയിലും.

കേന്ദ്രം നിരസിച്ച ടാബ്ലോ ചെന്നൈയിലെ റിപ്പബ്ലിക് പരേഡിൽ അണിനിരത്തി; വേറിട്ട സമരവുമായി തമിഴ്നാട്

തമിഴ്നാട്: ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ഉൾപ്പെടുത്താത്ത തമിഴ്നാടിന്റെ ടാബ്ലോ ചെന്നൈയിൽ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചു.

തമിഴ്‌നാട്ടിലെ എല്ലാ പ്രധാന നഗരങ്ങളിലും പൊതുജനങ്ങൾക്കായി ടാബ്‌ലോ പ്രദർശിപ്പിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പൗരന്മാർക്ക് ഉറപ്പ് നൽകി. സെലക്ഷൻ കമ്മിറ്റി നിർദ്ദേശിച്ച മൂന്ന് തിരുത്തലുകളും സംസ്ഥാനം വരുത്തിയെങ്കിലും നാലാം റൗണ്ട് യോഗത്തിലേക്ക് ക്ഷണിക്കുകയോ നിരസിച്ചതിനെക്കുറിച്ച് വ്യക്തത നൽകുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിലെ സമ്പന്നമായ തമിഴ് പൈതൃകമാണ് ഈ വർഷത്തെ ടാബ്ലോയുടെ പ്രമേയമെന്നും അത് നിരസിച്ചത് നിരാശയുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെയും ബംഗാളിന്റെയും ദൃശ്യങ്ങളും കേന്ദ്രം നിരസിച്ചിരുന്നു.

ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണം: കെ സുരേന്ദ്രന്‍

കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍  രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന. ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെ പതാക തലകീഴായി ഉയര്‍ത്തിയിട്ടും മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. പാതക തലകീഴായി ഉയര്‍ത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സല്യൂട്ടും ചെയ്തുവെന്നത് ഗൗരവതരമായ കാര്യമാണ്. ഇതിനുശേഷം മാദ്ധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായി ഉയര്‍ത്തിയ വിവരം ചൂണ്ടിക്കാട്ടിയത്. ഇത്തരത്തില്‍ വലിയ തെറ്റ് പറ്റിയിട്ടും മന്ത്രിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്‍പ്പെടെ പിഴവ് മനസിലായില്ലെന്നത് അപഹാസ്യമാണ്. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണ് ദേശീയ പതാകയോട് അനാദരവ് കാട്ടിയതെന്നതിനാല്‍ സംഭവം ഡിജിപി അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം: കർശന നടപടി വേണമെന്ന് കാസർകോട് എംപി

കാസർകോട്: റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് എംപി രാജ് മോഹൻ ഉണ്ണിത്താൻ. റിഹേഴ്സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്ച്ചയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാസർകോട് നടന്ന റിപ്പബ്ളിക് ദിന പരിപാടിയിലാണ് ദേശീയ പതാക (National flag) തല തിരിച്ചുയർത്തിയത്. മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ(Ahamed Devarkovil) പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.

കളക്ടറുടെ ചുമതലയുള്ള എഡിഎം എകെ രാമചന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തൽ. ജില്ലയിലെ എംപിയും എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ കളക്ടറുടെ ചുമതലയുള്ള എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.

കാസർഗോഡ് കുതിച്ചുകയറി കോവിഡ് കേസുകൾ; കർശന നടപടികളിലേക്ക് കടന്നേക്കും

കാസർകോട് ∙ കോവിഡ് അടിയന്തര സാഹചര്യത്തെ നേരിടാൻ സിഎഫ്എൽടിസികളും ഡിസിസികളും തുടങ്ങാൻ ജില്ലാതല ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാരുടെ യോഗത്തിൽ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മുൻകയ്യെടുത്ത് വിളിച്ച യോഗത്തിൽ ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല പഞ്ചായത്തംഗങ്ങൾ, മുൻസിപ്പൽ ചെയർമാൻമാർ എന്നിവർ പങ്കെടുത്തു. ദ്രുത കർമ സേനാ വിഭാഗത്തെ ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് വാർഡ് തല ജാഗ്രത സമിതികൾ ഈ മാസം 31നുള്ളിൽ പുനഃസംഘടിപ്പിക്കും. കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നത് വേഗത്തിലാക്കാൻ ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കാൻ തീരുമാനിച്ചു.

ജില്ലയിൽ ഒഴിവുള്ള ഡോക്ടർമാരുടെയും നഴ്സ്മാരുടെയും തസ്തികകൾ നികത്താൻ ഡിഎംഒയ്ക്ക് യോഗം നിർദേശം നൽകി. 5 അസി.സർജൻ, 10 ജൂനിയർ കൺസൾ‍ട്ടന്റ്സ് എന്നിങ്ങനെ ഡോക്ടർമാരുടെ ഒഴിവുകളുണ്ട്. അത്യാവശ്യ ഘട്ടത്തിൽ പഞ്ചായത്ത് തലത്തിൽ ഡിസിസികൾ ആരംഭിക്കാനും നിർദേശം നൽകി. ബ്ലോക്ക് തല കോർഡിനേഷൻ കമ്മറ്റി 31നകം രൂപീകരിക്കണം.

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു; കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍; കുറവ് കാസര്‍ഗോഡ്

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഇരട്ടി വര്‍ധനവാണുണ്ടായത്. മലപ്പുറം ജില്ലയിയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കുറവ് കാസര്‍ഗോഡ് ജില്ലയിലാണ്.

2016 മുതല്‍ 2021 വരെയുള്ള പൊലീസിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വലിയ രീതിയില്‍ വര്‍ധിച്ചു. 399 കേസുകളാണ് കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

മറ്റു ജില്ലകളിലെ കണക്ക് പരിശോധിച്ചാല്‍ തിരുവനന്തപുരം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ റൂറലില്‍ 290 കേസുകളും സിറ്റിയില്‍ 97 കേസുകളും റിപ്പോട്ട് ചെയ്യപ്പെട്ടു. അഞ്ചു വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020 ലാണ് കേസുകള്‍ കുറഞ്ഞിട്ടുള്ളത്. കുട്ടികള്‍ കൂടുതലും പീഡനത്തിന് ഇരയാകുന്നത് ബന്ധുക്കളും, അയല്‍വാസികളും, സുഹൃത്തുക്കളും വഴിയാണെന്നാണ് കണ്ടെത്തല്‍.

പോക്‌സോ കേസ് ജില്ലകള്‍ തിരിച്ച്- തിരുവനന്തപുരം – 387, കൊല്ലം – 289, പത്തനംതിട്ട – 118, ആലപ്പുഴ – 189, കോട്ടയം – 142, ഇടുക്കി – 181, എറണാകുളം – 275, തൃശ്ശൂര്‍ – 269, പാലക്കാട് – 227, മലപ്പുറം – 399, വയനാട് – 134 , കോഴിക്കോട് – 267, കണ്ണൂര്‍ – 171 , കാസര്‍ഗോഡ് – 117.

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർധന

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില വർധിച്ചു. ഗ്രാമിന് 15 രൂപയാണ് ഇന്ന് വർധിച്ചത്. 4575 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് 4590 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഇന്നലെ ഒരു പവന് 36600 രൂപയായിരുന്നത് ഇന്ന് 36720 രൂപയായി ഉയർന്നു.

ഒരാഴ്ചയായി സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായി. രണ്ട് ദിവസം കൊണ്ട് 40 രൂപയാണ് സ്വർണവിലയിൽ ഗ്രാമിനുണ്ടായ വർധന. ഓഹരി വിപണികളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തിരിച്ചടികളെ തുടർന്ന് നിക്ഷേപകർ സ്വർണത്തിലേക്ക് മടങ്ങിയതാണ് വില വർധിക്കാനുള്ള ഒരു കാരണം. ഒരാഴ്ചക്കിടെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച ശേഷം നാല് ദിവസം മുൻപ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഗ്രാമിന് 4550 രൂപയിൽ എത്തിയത്. ഇന്നലെയാണ് ഈ വിലയിൽ മാറ്റമുണ്ടായത്. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (Gold rate). പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല.

ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന് 3780 രൂപയുമാണ് വില. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 70 രൂപയാണ് വില. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്. സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്‌ക്ക് മാനേജ്‌മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ച്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം. സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കല്‍, സ്‌പോട്ട് എക്‌ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു.

കാസർഗോഡ് ദേശീയ പതാക തലതിരിച്ചുയര്‍ത്തി; സംഭവം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത ചടങ്ങില്‍, അബദ്ധം മനസിലാക്കിയത് മന്ത്രി സല്യൂട്ട് സ്വീകരിച്ച ശേഷം

കാസർകോട്: കാസർകോട് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക  തല തിരിച്ചുയർത്തി. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ പതാക ഉയർത്തുകയായിരുന്നു.

സംഭവത്തിൽ കളക്ടറുടെ ചാർജുള്ള എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.

ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് പുതിയ സംഘടന; പേര് ഷീറോ

കോഴിക്കോട്: മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയില്‍  (Haritha) നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സന്നദ്ധ സംഘടന നിലവില്‍ വന്നു. ഷീറോ (Shero) എന്ന പേരിലുളള സന്നദ്ധ സംഘടയുടെ ഭരണസമിതിയിലെ ഏഴ് പേരില്‍ അഞ്ച് പേരും ഹരിത മുന്‍ ഭാരവാഹികളാണ്. ഹരിത മുന്‍ പ്രസിഡന്റ്  മുഫീദ തെസ്‌നിയാണ് ചെയര്‍പേഴ്‌സണ്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റര്‍ ചെയ്തതെന്നും സ്ത്രീകളുടെ കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ സംഘടനയുടെ ഭാഗമാണ്. സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ പ്രവര്‍ത്തന പരിചയമുള്ളവരാണ് സംഘടനയില്‍ അംഗങ്ങളാകുന്നതെന്നും ഷീറോ ഭാരവാഹികള്‍ പറഞ്ഞു.