18ാം വയസില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കില്‍ എന്തുകൊണ്ട് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പാടില്ല! ഉവൈസി

0
124

ന്യൂദല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. 18ാം വയസില്‍ ഒരു പെണ്‍കുട്ടിക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കില്‍ എന്തുകൊണ്ട് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പാടില്ല എന്നാണ് അദ്ദേഹം ചോദിച്ചത്.

” 18ാം വയസില്‍ ഒരു ഇന്ത്യന്‍ പൗരന് കരാറില്‍ ഒപ്പിടാനും വ്യവസായങ്ങള്‍ ആരംഭിക്കാനും പ്രധാനമന്ത്രിയേയും എം.പിമാരെയും എം.എല്‍.എമാരെയും തെരഞ്ഞെടുക്കാനും കഴിയും. ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ല്‍ നിന്ന് 18 ആയി കുറയ്ക്കണമെന്നാണ് എന്റെ അഭിപ്രായം,” ഉവൈസി പറഞ്ഞു.

ഇന്ത്യയില്‍ ശൈശവവിവാഹം കുറയുന്നത് ക്രിമിനല്‍ നിയമം കൊണ്ടല്ല, മറിച്ച് വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും മൂലമാണെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും 2005ല്‍ 26 ശതമാനമായിരുന്ന തൊഴില്‍മേഖലയിലെ സ്ത്രീ പങ്കാളിത്തം 2020ല്‍ 16 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുയര്‍ത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് സി.പി.ഐ.എമ്മും മുസ്‌ലിം ലീഗും പറഞ്ഞിരുന്നു.

വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്നും പതിനെട്ടാം വയസില്‍ വോട്ട് ചെയ്യാനാകുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹത്തിനും അവകാശമുണ്ടെന്നും അതിനെതിരാണ് പുതിയ നീക്കമെന്നും സി.പി.ഐ.എം പി.ബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here