വിവാഹ പന്തലില്‍ ജയ്ശ്രീറാം മുഴക്കി വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

0
246

ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു വിവാഹച്ചടങ്ങിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. ജയ് ശ്രീറാം വിളിച്ചെത്തിയായിരുന്നു ആക്രമണം. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഇന്നലെ വൈകിട്ട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജയിലിൽ കഴിയുന്ന ആൾദൈവം രാംപാലിന്റെ അനുയായികളാണ് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഹരിയാന സ്വദേശിയായ രാംപാൽ അഞ്ച് സ്ത്രീകളും ഒരു കൈക്കുഞ്ഞും അടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

ഇത്തരം വിവാഹങ്ങൾ “നിയമവിരുദ്ധമായി” സംഘടിപ്പിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് ആയുധധാരികൾ ചടങ്ങ് തകർത്തതെന്ന് ലോക്കൽ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അമിത് വർമ്മ പറഞ്ഞു. 17 മിനിറ്റ് മാത്രം എടുക്കുന്ന വ്യത്യസ്തമായ രാമിനി എന്നറിയപ്പെടുന്ന വിവാഹ ചടങ്ങാണ്  ഇവിടെ സംഘടിപ്പിച്ചതെന്നാണ് രാംപാലിന്റെ അനുയായികൾ പറഞ്ഞത്. എന്നാൽ ഇത്തരം വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ഓൺലൈനിൽ പ്രചരിക്കുന്ന ആക്രമണത്തിന്റെ മൊബൈൽ ഫോൺ ദൃശ്യങ്ങളിൽ വിവാഹത്തിനെത്തിയവർ പരിഭ്രാന്തരായി അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് വ്യക്തമാണ്. കുറുവടികളും മുളവടികളുമായണ് അക്രമികൾ എത്തിയത്. ബഹളത്തിനിടയിൽ മുൻ സർപഞ്ച് ദേവിലാൽ മീണയ്ക്ക് വെടിയേറ്റു. രാജസ്ഥാനിലെ കോട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളെ രക്ഷപ്പെടുത്താനായില്ല.

ചുവന്ന വസ്ത്രം ധരിച്ച് അക്രമി തോക്ക് ചൂണ്ടുന്നത് വീഡിയോകളിൽ കാണാം. ഒടുവിൽ ചില അതിഥികൾ ചേർന്ന് അക്രമികളെ പുറത്താക്കി. വിവാഹത്തിനെത്തിയ അക്രമികളിൽ തിരിച്ചറിഞ്ഞ 11 പേർക്കെതിരെയും അല്ലാത്തവർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവരിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് തവണ സർപഞ്ചായിട്ടുള്ള, ഷംഗഡ് പ്രദേശത്തെ താമസക്കാരനായ മീണയെ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി പിന്തുണച്ചിരുന്നു. വിവാഹത്തിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here