രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; മൂന്ന് ദിവസത്തിനിടെ രോഗികളുടെ എണ്ണം 2.6 മടങ്ങായി വര്‍ധിച്ചു, ഭീഷണിയായി ഒമിക്രോണും

0
39

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്. വ്യാഴാഴ്ച മാത്രം 16,700 പേര്‍ക്കാണ് പുതുതായി രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച സ്ഥിരീകരിച്ച പുതിയ കേസുകളെക്കാള്‍ 27 ശതമാനം കൂടുതലാണ് വ്യാഴാഴ്ച സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

തിങ്കളാഴ്ച മുതല്‍ പ്രതിദിന കേസുകളുടെ എണ്ണം 2.6 മടങ്ങായിട്ടാണ് വര്‍ധിച്ചത്. വ്യാഴാഴ്ച രാത്രി സ്ഥിരീകരിച്ച കണക്കുകളില്‍ രണ്ട് സംസ്ഥാനത്തെ കണക്കുകള്‍ കൂടി കൂട്ടിചേര്‍ക്കാനുണ്ട്.

ഒക്ടോബര്‍ 20 ന് ശേഷം ഇന്ത്യയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഡിസംബര്‍ 30 ന് സ്ഥിരീകരിച്ചത്. ബുധനാഴ്ച 13,180 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം കേസുകള്‍ വര്‍ധിക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലുമാണ് കൊവിഡ് കേസുകള്‍ കുറവുള്ളത്.

മഹാരാഷ്ട്രയില്‍ ഒരു ദിവസം 40% വര്‍ധനവാണ് കൊവിഡ് കേസുകളില്‍ ഉണ്ടാവുന്നത്. ബംഗാളില്‍ ഒരു ദിവസം കൊണ്ട് കൊവിഡ് കേസുകള്‍ ഇരട്ടിയായി.

കേരളത്തില്‍ 2,423 കേസുകള്‍ രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ ആഴ്ചകളെക്കാള്‍ കൊവിഡ് കേസുകള്‍ കുറയുകയാണ് ചെയ്യുന്നത്. തമിഴ്നാട്ടില്‍ 890 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, നവംബര്‍ 4 ന് ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

രാജ്യത്ത് ഒമിക്രോണ്‍ കേസുകളും വര്‍ധിക്കുകയാണ് ഡിസംബര്‍ 30 ന് ഒടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം 961 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത്.

263 ഒമിക്രോണ്‍ കേസുകളാണ് ദല്‍ഹിയില്‍ സ്ഥിരീകരിച്ചത്. 252 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് രണ്ടാമത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം.

അതേസമയം ദല്‍ഹിയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നിരിക്കാമെന്നാണ് ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി വിലയിരുത്തുന്നത്.

നിലവില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളില്‍ 60 ഓളം കേസുകളുടെ സമ്പര്‍ക്കപട്ടികയോ യാത്രവിവരങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

60 ഓളം കേസുകളില്‍ അന്താരാഷ്ട്ര യാത്രയോ ഒരു അന്താരാഷ്ട്ര യാത്രക്കാരനുമായി സമ്പര്‍ക്കമോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ദല്‍ഹി ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here