മരിച്ചാലും രക്ഷയില്ല; വാഹനാപകടത്തിൽ സ്വന്തം മരണത്തിന് കാരണമായതിന് വൃദ്ധനെതിരെ പൊലീസ് കേസ്

0
84

നാഗ്പൂർ: വാഹനാപകടത്തിൽ മരണമടഞ്ഞ വൃദ്ധനെതിരെ സ്വന്തം മരണത്തിന്റെ ഉത്തരവാദിത്തം ചുമത്തി പൊലീസ് കേസ്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് നാഗ്പൂരിലെ കഞ്ചി ഹൗസ് ചൗക്കിലാണ് കേസിനാസ്പദമായ സംഭവം. ഒരു ബർത്ത്ഡേ പാർട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജഗദീഷ് ദെവുൽക്കർ (80), ഭാര്യ സെവന്താ ബായി (70) എന്നിവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കഞ്ചി ചൗക്കിനും റാണി ദുർഗാവതി ചൊക്കിനും ഇടയിലുള്ള റോഡിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

തെറ്റായ ദിശയിലൂടെ വാഹനം ഓടിച്ച ജഗദീഷിന് ഒരു വളവിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നിലത്തു വീണ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന ജഗദീഷ് നാല് ദിവസത്തിന് ശേഷം ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.

ആശുപത്രിയിലെ പൊലീസ് ബൂത്തിൽ നിന്ന് യശോദര നഗർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഐ പി സി 174 പ്രകാരം അപകട മരണത്തിന് കേസെടുക്കുകയും ചെയ്തു. തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ ജഗദീഷിനെ തന്നെ പ്രതിയാക്കി പൊലീസ് കേസ് ഫയൽ ചെയ്യുകയായിരുന്നു. ഹെൽമറ്റില്ലാതെ തെറ്റായ ദിശയിലൂടെ വണ്ടി ഓടിച്ചതിനും നിയന്ത്രണമില്ലാതെ വളവിൽ വണ്ടി വളച്ച് സ്വന്തം മരണത്തിന് കാരണമായതിനുമാണ് ജഗദീഷിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് സീനിയർ ഇൻസ്പെക്ടർ സഞ്ജയ് ജാദവ് പറഞ്ഞു. കേസ് ഇനി കോടതിക്ക് മുമ്പാകെ സമർപ്പിക്കുമെന്നും പ്രതി അപകടത്തിൽ മരണമടഞ്ഞതായി അറിയിക്കുകയും ചെയ്യുമെന്നും ഇൻസ്പെക്ടർ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here