”മഥുരയിലെ പള്ളി മുസ്‍ലിംകള്‍ ഹിന്ദുക്കൾക്ക് കൈമാറണം”; ആവശ്യവുമായി യുപി മന്ത്രി

0
79

മഥുരയിലെ മുസ്‌ലിം പള്ളി ഹിന്ദുക്കൾക്ക് കൈമാറണമെന്ന് ഉത്തർപ്രദേശ് മന്ത്രി. ശ്രീകൃഷ്ണ ജന്മഭൂമിക്കടുത്തുള്ള പള്ളി കൈമാറണമെന്നാണ് യുപി പാർലമെന്ററികാര്യ മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല ആവശ്യപ്പെട്ടത്. അയോധ്യയിലെ പ്രശ്‌നങ്ങൾക്ക് കോടതിയിൽ പരിഹാരം കണ്ടെങ്കിലും വരാണസിയിലെയും മഥുരയിലെയും മുസ്‌ലിം പള്ളികൾ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആനന്ദ് സ്വരൂപ് പറഞ്ഞു.

ഓരോ ഹിന്ദുവിനെയും വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന മഥുരയിലെ വെളുത്ത കെട്ടിടം കോടതിയുടെ സഹായത്തോടെ നീക്കം ചെയ്യപ്പെടുന്ന നാൾ വരുമെന്നും ആനന്ദ് സ്വരൂപ് പറഞ്ഞു. രാമനും കൃഷ്ണനുമാണ് തങ്ങളുടെ പൂർവികരെന്ന് ഇന്ത്യയിലെ മുസ്‍ലിംകൾ വിശ്വസിക്കണമെന്ന് ഡോ. രാം മനോഹർ ലോഹ്യ പറഞ്ഞതാണ്. ബാബറും അക്ബറും ഔറംഗസേബുമെല്ലാം അക്രമികളായിരുന്നു. അവർ നിർമിച്ച ഒരു കെട്ടിടത്തോടും ബന്ധം പുലർത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

”മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി സമുച്ചയത്തിലുള്ള വെളുത്ത കെട്ടിടം മുസ്്‌ലിം സമൂഹം ഹിന്ദുക്കൾക്ക് കൈമാറണം. അതെല്ലാം നടക്കുന്ന ഒരു ദിവസം വരും. 1992 ഡിസംബർ ആറിന് കർസേവകർ രാംലല്ലയ്ക്കുമേലുള്ള ഒരു കളങ്കം നീക്കം ചെയ്തു. ഇപ്പോൾ വലിയൊരു ക്ഷേത്രം അവിടെ പണികഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്..” ആനന്ദ് സ്വരൂപ് പറഞ്ഞു.

യുപി ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചതിനോടും മന്ത്രി പ്രതികരിച്ചു. റിസ്‌വിയെ പിന്തുടർന്ന് മുസ്‌ലിംകളെല്ലാം ‘ഘർവാപസി’ ചെയ്യണം. ഇന്ത്യയിലെ മുസ്‍ലിംകളെല്ലാം മതംമാറിയവരാണ്. ചരിത്രം നോക്കിയാൽ 200-250 വർഷങ്ങൾക്കുമുൻപ് ഹിന്ദുമതത്തിൽനിന്ന് ഇസ്‌ലാമിലേക്ക് മാറിയവരാണ് ഇവരെല്ലാം. രാജ്യത്തെ മൗലാനമാർക്കും മൗലവിമാർക്കുമെല്ലാം ഒരു വെല്ലുവിളിയാണ് റിസ്‌വിയുടെ ചുവടുവയ്‌പ്പെന്നും ആനന്ദ് ശർമ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here