ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ ഹെറിറ്റേജ് ഹ്യൂബ്ലോട്ട് വാച്ച് മോഷ്ടിച്ച് ദുബായില്‍നിന്ന് കടന്നു; പ്രതി അസമില്‍ പിടിയില്‍

0
116

ഗുവാഹട്ടി: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്നയാള്‍ അസമില്‍ പിടിയിലായി. അസം ശിവസാഗര്‍ സ്വദേശി വാസിദ് ഹുസൈനെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് വിലകൂടിയ ഹുബ്ലോ വാച്ചും പോലീസ് കണ്ടെടുത്തു.

ദുബായ് പോലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് അസം മുഖ്യമന്ത്രിയും പോലീസും അറിയിച്ചു. മറഡോണയുടെ ഒപ്പ് രേഖപ്പെടുത്തിയ അദ്ദേഹം ഉപയോഗിച്ചിരുന്ന ഹുബ്ലോ കമ്പനിയുടെ ലിമിറ്റഡ് എഡിഷന്‍ വാച്ചാണ് വാസിദ് ഹുസൈന്‍ മോഷ്ടിച്ചത്. ദുബായില്‍ മറഡോണയുടെ വസ്തുവകകളും മറ്റും സൂക്ഷിച്ചിരുന്ന കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. ഇവിടെനിന്നാണ് വിലകൂടിയ ഹുബ്ലോ വാച്ച് ഇയാള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ വാച്ചുമായി നാട്ടിലേക്ക് വരികയും ചെയ്തു.

ദുബായ് പോലീസ് ഇന്ത്യയിലെ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പ്രതി അസമിലുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് അസം പോലീസിന് വിവരം കൈമാറുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ വാസിദിന്റെ ശിവസാഗറിലെ ഭാര്യവീട്ടിലെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്ന് വിലകൂടിയ വാച്ച് കണ്ടെടുത്തായും അന്വേഷണം തുടരുകയാണെന്നും ശിവസാഗര്‍ പോലീസ് സൂപ്രണ്ട് രാകേഷ് ചൗഹന്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here