പ്രതിഷേധം ഫലം കണ്ടു; മലബാര്‍ സമരപോരാളികളെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

0
75

ന്യൂദല്‍ഹി: മലബാര്‍ സമരപോരാളികളെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം മാറ്റി കേന്ദ്രസര്‍ക്കാര്‍. മലബാര്‍ സമരപോരാളികളുടെ പേര് നീക്കം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി കിഷന്‍ റെഡ്ഡി രാജ്യസഭയെ അറിയിച്ചു.

ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ പേരുകള്‍ ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരടക്കം 387 രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ മലബാര്‍ സ്വാതന്ത്ര്യ സമരപോരാളികളെ നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമാകുന്ന എന്ത് പുതിയ തെളിവുകളാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെട്ടത് എന്ന് പി.വി. അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ ചോദിച്ചു. ഇതിന് മറുപടിയായാണ് മന്ത്രി സഭയെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല എന്ന് പറഞ്ഞത്.

മാതൃരാജ്യത്തെ മോചിപ്പിക്കാനുള്ള മലബാര്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗസന്നദ്ധതയെ അംഗീകരിക്കാനും അഭിനന്ദിക്കാനും രാജ്യം തയാറാകണമെന്ന് ശൂന്യവേളയില്‍ അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടപ്പോള്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അതിനെ പിന്തുണച്ച് രംഗത്തുവന്നു.

1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാല്‍ നീക്കം ചെയ്യാന്‍ മലബാര്‍ സമര സേനാനികളുടെ പേര് നീക്കം ചെയ്യണമെന്നായിരുന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതിയുടെ ശുപാര്‍ശ.

മതപരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നാണ് മലബാര്‍ സമരത്തെക്കുറിച്ച് സമിതി പറയുന്നത്. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദേശീയതയ്ക്ക് അനുകൂലമല്ലെന്നും ബ്രിട്ടീഷ് വിരുദ്ധവുമല്ലെന്നും സമിതി പറയുന്നു.

നേരത്തെ 2020 ല്‍ പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരും ഉള്‍പ്പെട്ടിരുന്നു.

ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും പേര് ഉള്‍പ്പെട്ടിരുന്നത്.

2018ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here