തലവേദന മാറ്റാന്‍ ആള്‍ദൈവം തലയില്‍ അടിച്ചതിനെത്തുടര്‍ന്ന് യുവതി മരിച്ചു

0
158

കര്‍ണാടക: തലവേദന മാറ്റാന്‍ ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടര്‍ന്ന് യുവതി മരിച്ചു. കര്‍ണാടക ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമത്തിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം മനു(42)വിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

പാര്‍വതിയുടെ ഏകമകള്‍ ചൈത്ര ശ്രാവണബലഗോള പൊലീസില്‍ വ്യാഴാഴ്ച പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ചന്നരായപട്ടണ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറും സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കൊലപാതകത്തിന് കേസെടുത്തു. രണ്ടു മാസമായി കടുത്ത തലവേദനയാല്‍ ബുദ്ധിമുട്ടുന്ന പാര്‍വതി നിരവധി ഡോക്ടര്‍മാരെ കണ്ടിരുന്നു. ഒടുവിലാണ് ആള്‍ദൈവത്തില്‍ അഭയം തേടിയത്. ബന്ധുവായ മഞ്ജുളയാണ് ആള്‍ദൈവത്തെക്കുറിച്ച് ഇവരോട് പറയുന്നത്.

മനുവിനെ കാണാന്‍ ഡിസംബര്‍ 2നാണ് പാര്‍വതി ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് ഒരു നാരങ്ങ കൊടുത്ത ശേഷം അടുത്ത ദിവസം വരാന്‍ പാര്‍വതിയോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം പാര്‍വതി മനുവിനെ കാണുകയും ഡിസംബര്‍ 7ന് വീണ്ടും തന്നെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും ചികിത്സയ്‌ക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിച്ചു. തുടര്‍ന്ന് കുഴഞ്ഞുവീണ പാര്‍വതിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മകള്‍ ചൈത്രയ്ക്കും ഭര്‍ത്താവ് ജയന്തിനുമൊപ്പം ബെംഗളൂരുവിലാണ് പാര്‍വതി താമസിച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെങ്കിലും തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here