കര്‍ണാടകയില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടു; മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് തീവ്ര ഹിന്ദുത്വ- വലതുപക്ഷ സംഘങ്ങള്‍

0
125

ബെംഗളൂരു: ക്രിസ്ത്യാനികള്‍ക്കെതിരെ വീണ്ടും ആക്രമണവുമായി വലതുപക്ഷ സംഘടനകള്‍. മതപരിവര്‍ത്തനം ആരോപിച്ച് വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ കര്‍ണാടകയിലെ കോലാറില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടു.

ആക്രമണം നടത്തിയവരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.പകരം, അസ്വാരസ്യം ഉണ്ടാക്കുന്ന മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെതിരെ ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.

”വീടുവീടാന്തരം കയറിയിറങ്ങി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കരുതെന്ന് ഞങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മതഗ്രന്ഥങ്ങള്‍ കത്തിച്ചിട്ടുണ്ടെന്ന് വലതുപക്ഷ സംഘടനാംഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. തങ്ങളുടെ അയല്‍പക്കത്ത് പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ക്രിസ്തുമതത്തെക്കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് മതഗ്രന്ഥം കത്തിച്ചതെന്നാണ് ഇവരുടെ വാദം.

അതേസമയം, കഴിഞ്ഞ 12 മാസത്തിനിടെ കര്‍ണാടകയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന 38-ാമത്തെ ആക്രമണമാണ് കോലാര്‍ സംഭവം. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിനുള്ള ബില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാന്‍ തുടങ്ങിയത് മുതല്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഹരിയാനയിലും ക്രിസ്ത്യാനികള്‍ക്കെ നേരെ വലതുപക്ഷ സംഘടനകള്‍ ആക്രമണം നടത്തിയിരുന്നു. പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയില്‍ അതിക്രമിച്ചുകയറിയായിരുന്നു ഇവരുടെ ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here