ഒമിക്രോണ്‍; ഡിസംബര്‍ 15 വരെയുള്ള വിമാനസര്‍വീസുകള്‍ നീട്ടി ഡി.ജി.സി.എ

0
67

ന്യൂദല്‍ഹി: ഡിസംബര്‍ 15 വരെയുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നീട്ടി വെച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). കൊവിഡിന്റെ പുതിയ വകഭേദം വ്യാപകമായി ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നതെന്നും ഡി.ജി.സി.എ വ്യക്തമാക്കി.

‘ആശങ്കകള്‍ സൃഷ്ടിച്ച് പുതിയ വകഭേദങ്ങള്‍ വന്നതോടുകൂടി പുതിയ ആഗോള സാഹചര്യം കണക്കിലെടുത്ത്, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഷെഡ്യൂള്‍ ചെയ്ത വാണിജ്യ അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം ഉചിതമായ സമയത്ത് അറിയിക്കും,’ ഡി.ജി.സി.എ അറിയിച്ചത്.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഇന്ത്യ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍, ജുലൈ മുതല്‍ കൃത്യമായ നിയന്ത്രണണങ്ങളോടെ ഏകദേശം 28 രാജ്യങ്ങളിലേക്കുള്ള സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകളും ഒരുക്കിയിരുന്നു.

രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുന്നതിനെതിരെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും, യാത്രാ നിരോധനം പുതിയ വകഭേദത്തിന്റെ വ്യാപനം തടയാന്‍ സഹായിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജപ്പാന്‍ പുതിയ ഇന്‍കമിംഗ് ഫ്‌ളൈറ്റുകള്‍ നിര്‍ത്തിയതായും ഫ്രാന്‍സ് യാത്രാനിരോധനം നീട്ടാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ശനിയാഴ്ച വരെ ഫ്രാന്‍സ് നിര്‍ത്തിവെച്ചിട്ടുണ്ട്.

അതേസമയം, നൈജീരിയയിലും സൗദി അറേബ്യയിലും ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 22 രാജ്യങ്ങളില്‍ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബോട്‌സ്വാന, യുകെ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ജര്‍മനി, ഹോങ്കോംഗ്, ഇസ്രഈല്‍, ഇറ്റലി, ജപ്പാന്‍, നെതര്‍ലാന്റ്‌സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, സ്‌പെയ്ന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, നൈജീരിയ, സൗദി അറേബ്യ എന്നിവിടങ്ങിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here