ഇന്ത്യയെ രക്ഷിക്കാന്‍ ഒരു സന്യാസി അവതാരമെടുക്കും: മോദി

0
117

വാരാണസി: ഏതൊരു വിപരീത കാലഘട്ടത്തിലും ഇന്ത്യയെ സംരക്ഷിക്കാന്‍ ഒരു സന്യാസിവര്യന്‍ അവതാരമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമരത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി ഒരുപാട് സന്യാസികള്‍ ആത്മീയത വെടിഞ്ഞ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുവെന്നിരുന്നും, എന്നാല്‍ അവരുടെ ത്യാഗനിര്‍ഭരമായ പങ്കോ സേവനങ്ങളോ എവിടെയും കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സദ്ഗുരു സദാഫലേഡിയോ വിഹംഗാം യോഗ് സന്‍സ്താനിന്റെ 98ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയുടെ ഏറ്റവും പ്രധാനിയായ സ്വാതന്ത്ര്യസമരസേനാനിയെ മഹാത്മാ എന്നായിരുന്നു ലോകം വിളിച്ചിരുന്നത്. ഇന്ത്യയില്‍ മാത്രമാണ് രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ ആത്മീയത ഉള്‍ച്ചേരുന്നത്. ഇന്ത്യയില്‍ മാത്രമാണ് ഒരു ആത്മീയ പ്രസ്ഥാനത്തിന്റെ വാര്‍ഷികം അമൃത് മഹോത്സവ് എന്ന പേരില്‍ കൊണ്ടാടപ്പെടുന്നത്,’ മോദി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷം ആഘോഷിക്കപ്പെടുമ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സന്യാസിമാരുടെയും ഗുരുക്കന്‍മാരുടെയും പങ്ക് ഒരിക്കലും മറക്കാന്‍ പാടില്ലെന്നും, അവ പുതിയ തലമുറയ്ക്ക് വ്യക്തമാക്കി നല്‍കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

തന്റെ നിയമസഭാ മണ്ഡലമായ വാരാണസിയുടെ മഹിമയെ കുറിച്ചും അദ്ദേഹം ചടങ്ങില്‍ സംസാരിച്ചു. ഇന്ത്യയുടെ മോശം അവസ്ഥയിലും വാരാണസിയാണ് ഇന്ത്യയുടെ വ്യക്തിത്വം കാത്തുസൂക്ഷിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘എവിടെയാണോ വിത്ത് ഉള്ളത്, അവിടെ നിന്നുമാണ് ഒരു മഹാവൃക്ഷം വളരാന്‍ ആരംഭിക്കുന്നത്. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ വാരാണസിയുടെ വികസനത്തെ കുറിച്ച് സംസാരിക്കുന്നത്. വാരാണസിയുടെ വികസനമെന്നാല്‍, അത് ഇന്ത്യയുടെ വളര്‍ച്ചക്കുള്ള മുന്നൊരുക്കമാണ്,” മോദി പറഞ്ഞു.

മുന്‍കാലങ്ങളില്‍ വാരാണസിയുടെ അവസ്ഥ പരിതാപകരമായിരുന്നുവെന്നും എന്നാലിപ്പോള്‍ വിദേശത്ത് നിന്നും വരുന്നവര്‍ ഇവിടെയുള്ള മാറ്റം കണ്ട് അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കെയാണ് പുതിയ പദ്ധതികളുമായി മോദിയും യോഗിയും യു.പിയില്‍ സജീവമാവുന്നത്. കാശി ക്ഷേത്രവുമായി ബന്ധപ്പെട്ട് ശതകോടികളുടെ പദ്ധതിയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, കഴിഞ്ഞ ദിവസം മോദി യു.പിയില്‍ ഉദ്ഘാടനം ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here