ഇന്ത്യയിൽ മത വിഭാഗങ്ങൾ തമ്മിൽ അകൽച്ചയുണ്ടാകാൻ സോഷ്യല്‍ മീഡിയ കാരണമായെന്ന് റിപ്പോർട്ട്

0
55

ഗോള തലത്തില്‍ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയ്ക്കും സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഫെയ്‌സ്ബുക്ക് കാരണമായിട്ടുണ്ടെന്ന് അടുത്തിടെ വിസില്‍ ബ്ലോവര്‍ ഫ്രാന്‍സിസ് ഹൂഗന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് അടിവരയിടുകയാണ് വാര്‍ത്താ ഏജന്‍സിയായ ഐഎന്‍എസ് നടത്തിയ ഒരു സര്‍വേ റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഹിന്ദു മുസ്ലീം വൈരം വളരുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് ഐഎഎന്‍എസ് പറയുന്നത്. 1942 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 48.2 ശതമാനം പേരും മതവിഭാഗങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള അകലമുണ്ടാക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഒരു പരിധി വരെ മാത്രമേ പങ്കുള്ളൂ എന്ന് 23 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

ഇരുവിഭാഗങ്ങളും തമ്മില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ സോഷ്യല്‍ മീഡിയ ഉത്തരവാദിയാണെന്ന് 71 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിന് വിപരീതമായി 28.6 ശതമാനം പേര്‍ പറഞ്ഞത് ഈ പ്രശ്‌നങ്ങളില്‍ സോഷ്യല്‍ മീഡിയയ്ക്ക് യാതൊരു പങ്കുമില്ലെന്നാണ്.

ഇന്ത്യയില്‍ ഏറ്റവും അധികം ഉപഭോക്താക്കളുള്ള സോഷ്യല്‍ മീഡിയാ സേവനമാണ് ഫെയ്‌സ്ബുക്ക്. ഇന്ത്യയില്‍ ആര്‍എസ്എസ് അനുകൂലികളും ഗ്രൂപ്പുകളും പേജുകളും ഭീതി പരത്തുന്നതും മുസ്ലീം വിരുദ്ധവുമായ പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെക്കുന്നതിനെ കുറിച്ച് ബോധ്യമുണ്ടായിട്ടും ഇന്ത്യയില്‍ ഫെയ്സ്ബുക്കിന് നടപടികളൊന്നും സ്വീകരിക്കാന്‍ സാധിച്ചില്ലെന്ന് മുന്‍ ജീവനക്കാരി ഫ്രാന്‍സിസ് ഹൗഗന്റെ വെളിപ്പെടുത്തിയിരുന്നു.

ഇസ്ലാം, ക്രിസ്ത്യന്‍ യാഥാസ്ഥിതിക വാദികളും ജാതി വിഭാഗങ്ങളുമെല്ലാം പരസ്പരം സ്പര്‍ധ വളര്‍ത്തും വിധത്തിലുള്ള ഇടപെടല്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്നുണ്ട്.

വര്‍ഗീയ പോസ്റ്റുകളും, കമന്റുകളും യാതൊരു നിയന്ത്രണവുമില്ലാതെ ഇപ്പോഴും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഏറെ നാള്‍ മുമ്പത്തെ സാഹചര്യമാണ് ഫ്രാന്‍സിസ് ഹൂഗന്‍ പറഞ്ഞത്. എന്നാല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ഭാഷാ വൈവിദ്യങ്ങള്‍ക്കിടയില്‍ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സാങ്കേതിക കഴിവ് ഫേയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളൊന്നും ഇനിയും കൈവരിച്ചിട്ടില്ല.

വ്യാജവാര്‍ത്ത, വിദ്വേഷ പ്രചാരണം, തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങള്‍ എന്നിവയുടെ പേരില്‍ ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം തന്നെ ആഗോള തലത്തില്‍ വിചാരണ നേരിടുകയാണ്.

ഇക്കാരണം കൊണ്ടുതന്നെ പ്രാദേശിക സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ അധികാരികള്‍ സ്വീകരിക്കുന്ന ആദ്യ മുന്‍കരുതല്‍ നടപടി സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ്.

സാമൂഹിക മാധ്യമങ്ങളെ പ്രസാധകര്‍ എന്ന നിലയില്‍ പരിഗണിക്കണെന്നും ഇവരെ നിയന്ത്രിക്കാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ പോലുള്ള ഒരു റെഗുലേറ്ററി സംവിധാനം വേണമെന്നുമാണ് അടുത്തിടെ ഒരു പാര്‍ലമെന്ററി കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപഭോക്താക്കള്‍ നിര്‍മിക്കുന്ന ഉള്ളടക്കങ്ങളില്‍ കമ്പനികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതിന് വേണ്ടിയാണിത്.

ആഗോളതലത്തില്‍ ഇതേ വിമര്‍ശനം സാമൂഹിക മാധ്യമങ്ങള്‍ നേരിടുന്നുണ്ട്. മ്യാന്‍മറില്‍ തങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ കാരണമായെന്ന് കാണിച്ച് റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ ഫെയ്സ്ബുക്കിനെതിരെ കേസ് നല്‍കിയിരിക്കുകയാണ്. അമേരിക്കയിലെ വാഷിങ്ടണില്‍ യുഎസ് കാപ്പിറ്റോളില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ അതിക്രമങ്ങള്‍ക്കും വഴിവെച്ചതും ട്രംപിന്റേതുള്‍പ്പടെയുള്ള സാമൂഹിക മാധ്യമ പോസ്റ്റുകളാണെന്ന് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here