അടുത്ത മാസം മുതല്‍ എടിഎം ഇടപാട് ചെലവേറിയതാകും; കാരണമിത്

0
91

ന്യൂഡല്‍ഹി: അടുത്ത മാസം മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഉപഭോക്താവില്‍ നിന്ന് ബാങ്കുകള്‍ അധിക ചാര്‍ജ്ജ് ഈടാക്കും.മാസംതോറും സൗജന്യമായി ഇടപാട് നടത്താന്‍ അനുവദിച്ചിരിക്കുന്ന പരിധി കടന്നാലാണ് അധിക ചാര്‍ജ് ഈടാക്കുക. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ ഉത്തരവ് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ബാങ്കുകള്‍.

നിലവില്‍ സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍ പ്രതിമാസം അഞ്ചു ഇടപാടുകള്‍ വരെ സൗജന്യമായി നടത്താന്‍ അനുവദിച്ചിട്ടുണ്ട്. ഇതര ബാങ്കുകളുടെ എടിഎമ്മില്‍ മെട്രോ നഗങ്ങളില്‍ മൂന്ന് തവണ വരെയും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചുതവണ വരെയും സൗജന്യമായി ഇടപാട് നടത്താം. നിലവില്‍ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 20 രൂപയും നികുതിയും ചേര്‍ന്ന തുകയാണ്് ഉപഭോക്താവില്‍ നിന്ന് ചാര്‍ജ്ജായി ബാങ്കുകള്‍ ഈടാക്കുന്നത്. ഇത് ജനുവരി ഒന്നുമുതല്‍ 21 രൂപയായി മാറും. 21 രൂപയ്‌ക്കൊപ്പം നികുതിയും ചേര്‍ന്ന തുക ഉപഭോക്താവില്‍ നിന്ന് ഈടാക്കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.

ബാങ്കുകളുടെ ഇന്റര്‍ ചെയ്ഞ്ച് ഫീ ഉള്‍പ്പെടെ വിവിധ ചെലവുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ചാര്‍ജ്ജ് കൂട്ടാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. പുതിയ ചാര്‍ജ് ജനുവരി ഒന്നിന് നിലവില്‍ വരുമെന്ന് ജൂണിന് പുറത്തിറക്കിയ റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു. എച്ച്ഡിഎഫ്‌സി ബാങ്കും ആക്‌സിസ് ബാങ്കും ഇതനുസരിച്ച് വെബ്‌സൈറ്റില്‍ പരിഷ്‌കാരം വരുത്തിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here