32 കിലോമീറ്റര്‍ മൈലേജുമായി ഹൈബ്രിഡ് സ്വിഫ്റ്റ്

0
148

ന്യൂഡൽഹി (www.mediavisionnews.in):ഇന്ത്യയില്‍ വില്‍പനയിലുള്ള സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പുമായി സുസുക്കി. ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 ഇന്തോനേഷ്യ ഓട്ടോ ഷോയിലാണ് കരുത്തന്‍ സ്വിഫ്റ്റ് ഹൈബ്രിഡിനെ കമ്പനി അവതരിപ്പിച്ചത്. നിലവില്‍ ജാപ്പനീസ് വിപണിയില്‍ സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡ് വില്‍പനയിലുണ്ട്.വൈദ്യുത മോട്ടോറിന്റെ പിന്തുണയുള്ള പെട്രോള്‍ എഞ്ചിനും പാഡില്‍ ഷിഫ്റ്ററുകളുള്ള അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമാണ് സ്വിഫ്റ്റ് ഹൈബ്രിഡിന്റെ പ്രധാന വിശേഷം. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വകഭേദത്തിലാണ് സുസുക്കി ഹൈബ്രിഡ് സാങ്കേതിക വിദ്യ ചേര്‍ക്കുന്നത്.

എഞ്ചിന് 90 bhp കരുത്തും 118 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന സ്വിഫ്റ്റ് പെട്രോളില്‍ 1,197 സിസി K12B എഞ്ചിനാണ് തുടിക്കുന്നത്. സ്വിഫ്റ്റ് ഹൈബ്രിഡിലുള്ള വൈദ്യുത മോട്ടോര്‍ 13 bhp കരുത്തും 30 Nm torque ഉം ഉത്പാദിപ്പിക്കും.ബൂട്ടില്‍ ഇടംപിടിക്കുന്ന 100V ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ് വൈദ്യുത മോട്ടോറിന് ഊര്‍ജ്ജം പകരുക. ജാപ്പനീസ് വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്ന സ്വിഫ്റ്റ് ഹൈബ്രിഡ് 32 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

ഇന്ത്യയില്‍ 22 കിലോമീറ്ററാണ് സ്വിഫ്റ്റ് പെട്രോളിന്റെ മൈലേജ്. രൂപകല്‍പനയില്‍ പുതുതലമുറ സ്വിഫ്റ്റ് സങ്കല്‍പങ്ങളില്‍ നിന്നും ഹൈബ്രിഡ് പതിപ്പ് കാര്യമായി വ്യതിചലിക്കുന്നില്ല. എന്നാല്‍ അങ്ങിങ്ങായി ചെറിയ മിനുക്കുപ്പണികള്‍ മോഡലില്‍ കാണാൻ കഴിയും.മുന്‍ ഫെന്‍ഡറിലുള്ള ഹൈബ്രിഡ് ബാഡ്ജും പരിഷ്‌കരിച്ച ഹോണികോമ്പ് ‘മെഷ്’ ഗ്രില്ലും മാറ്റങ്ങളില്‍പ്പെടും. നീലനിറത്തിനാണ് ഹൈബ്രിഡ് സ്വിഫ്റ്റിന്റെ അകത്തളത്തില്‍ പ്രാതിനിധ്യം.

ഗിയര്‍ ലെവറിലും മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയിലും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലും നീലനിറം അടിവരയിടും.കാൽനട യാത്രക്കാരെ തിരിച്ചറിയാന്‍ വേണ്ടി പ്രത്യേക ലേസറുകളും ക്യാമറകളും സ്വിഫ്റ്റ് ഹൈബ്രിഡില്‍ സുസുക്കി നല്‍കിയിട്ടുണ്ട്. മികച്ച ബ്രേക്കിംഗ് ഉറപ്പുവരുത്താന്‍ ബ്രേക്കുകളിലുള്ള ഇരട്ട സെന്‍സറുകള്‍ക്ക് കഴിയും.

ഈ വര്‍ഷമാദ്യം നടന്ന 2018 ഓട്ടോ എക്‌സ്‌പോയിലും സ്വിഫ്റ്റ് ഹൈബ്രിഡിനെ മാരുതി കൊണ്ടുവന്നിരുന്നു. എന്നാല്‍ മോഡലിന്റെ ഇന്ത്യന്‍ വരവു സംബന്ധിച്ചു ചോദ്യങ്ങള്‍ക്ക് മാരുതി മൗനം പാലിച്ചു.2020 ഓടെ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ രാജ്യത്തു പ്രാബല്യത്തില്‍ വരുന്നതു മുന്നില്‍ക്കണ്ട് സ്വിഫ്റ്റ് ഹൈബ്രിഡിനെ ഇങ്ങോട്ടു മാരുതി പരിഗണിച്ചേക്കാം. നിലവില്‍ സിയാസ്, എര്‍ട്ടിഗ, എസ്-ക്രോസ് എന്നിവർ ഉൾപ്പെടുന്ന മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ കാറുകളെ മാരുതി ഇന്ത്യയില്‍ അണിനിരത്തുന്നുണ്ട്.

വരാന്‍ പോകുന്ന സിയാസ് ഫെയ്‌സ് ലിഫ്റ്റ് പെട്രോളില്‍ മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് കമ്പനി കരുതിവെച്ചിട്ടുള്ളത്. ഓഗസ്റ്റില്‍ 2018 സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here