ബാഴ്സലോണ(www.mediavisionnews.in):സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ബാഴ്സലോണയ്ക്ക്. സെവിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്സലോണ കിരീടം സ്വന്തമാക്കിയത്. കിരീട നേട്ടത്തോടെ ബാഴ്സലോണയ്ക്കായി ഏറ്റവുമധികം കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടം മെസി സ്വന്തമാക്കി.
ബാഴ്സക്കായി 33-ാം കിരീടമാണ് മെസി നേടിയത്. മുന്‍ ക്യാപ്റ്റന്‍ ആന്ദ്രേസ് ഇനിയേസ്റ്റയെയാണ് മെസി മറികടന്നത്. കൂടാതെ ബാഴ്സ ടീമിന്റെ നായകനായി ആദ്യ മത്സരത്തില്‍ തന്നെ കിരീടം നേടാനായെന്ന നേട്ടം സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തമാക്കി.
മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് സെവിയ്യയായിരുന്നു. ഒമ്പതാം മിനിറ്റില്‍ പബ്ലോ സരാബിയയിലൂടെയാണ് സെവിയ മുന്നിലെത്തിയത്. എന്നാല്‍ ആദ്യ പകുതിയുടെ 42ാം മിനിറ്റില്‍ ജെറാള്‍ഡ് പിക്വെ ബാഴ്സയെ സമനിലയിലെത്തിച്ചു. മെസി അടിച്ച ഫ്രീകിക്ക് പോസ്റ്റിലിടിച്ച് റീബൗണ്ട് ചെയ്ത് പിക്വെയുടെ കാലിലേക്കെത്തുകയായിരുന്നു.
78ാം മിനിറ്റിലാണ് ബാഴ്സ വിജയഗോള്‍ കുറിച്ചത്. ഔസ്മാന്‍ ഡെംബേലയുടെ ലോഗ് റേഞ്ചര്‍ ഷോട്ട് സെവിയ്യന്‍ വല തുളക്കുകയായിരുന്നു. എന്നാല്‍ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ സെവിയ്യക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും മുതലാക്കാനായില്ല. വിസാം ബിന്‍ യെഡ്ഡര്‍ എടുത്ത പെനാല്‍റ്റി ബാഴ്സ ഗോളി തടുത്തിടുകയായിരുന്നു.