ന്യൂഡല്‍ഹി(www.mediavisionnews.in): സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യാജവാർത്താപ്രചാരണം തടയാനുള്ള നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. ദുരുപയോഗം കണ്ടാൽ ഫെയ്സ്ബുക്കും വാട്സാപ്പും അടക്കമുള്ള സാമൂഹികമാധ്യമങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള വഴികൾ കണ്ടെത്താൻ ടെലികോം സേവനദാതാക്കൾ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ, സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവരോട് കേന്ദ്രം ആവശ്യപ്പെട്ടു.
ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയവ അടിയന്തര സാഹചര്യങ്ങളിൽ ബ്ലോക്ക് ചെയ്യാൻ കഴിയാവുന്ന മാർഗങ്ങൾ കണ്ടെത്താനാണ് ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ജൂലായ് 18-ന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഐ.ടി. നിയമത്തിലെ 69എ. വകുപ്പുപ്രകാരമാണിത്. കംപ്യൂട്ടർ അനുബന്ധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ പൊതുജനങ്ങളിലെത്താതിരിക്കുന്നത് തടയാൻ അധികാരം നൽകുന്ന വകുപ്പാണിത്.
ദുരുപയോഗം നടക്കുന്ന വെബ്സൈറ്റുകൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ വിവരസാങ്കേതിക മന്ത്രാലയത്തിലെ സൈബർ നിയമവിഭാഗത്തിന്റെ നിർദേശപ്രകാരമോ ബ്ലോക്ക് ചെയ്യാനും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ, ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ നീക്കമില്ലെന്നാണ് സൈബർ നിയമവിഭാഗത്തിന്റെ പ്രതികരണം.
വ്യാജസന്ദേശങ്ങളും വാർത്തകളും പടരുന്നത് തടയാൻ നീക്കമുണ്ടായില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന കേന്ദ്രമുന്നറിയിപ്പിനെത്തുടർന്ന് സന്ദേശങ്ങൾ കൂട്ടമായി കൈമാറുന്നതിന് വാട്സാപ്പ് അടുത്തിടെ പരിധി കൊണ്ടുവന്നിരുന്നു. ഒരേസമയം അഞ്ചുപേർക്കുമാത്രമേ ഒരു അക്കൗണ്ടിൽനിന്ന് ഒരു സന്ദേശം അയക്കാൻ പാടുള്ളൂവെന്നായിരുന്നു പരിധി. കൂടാതെ, സന്ദേശം പെട്ടെന്ന് അയക്കാൻ കഴിയുന്ന ക്വിക്ക് ഫോർവേഡ് ബട്ടണും എടുത്തുകളഞ്ഞു.
വാട്സാപ്പ് വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ അടുത്തകാലത്ത് രാജ്യത്ത് പലയിടത്തും ആൾക്കൂട്ടക്കൊലപാതകങ്ങൾക്കുവരെ കാരണമായിരുന്നു