വടക്കന്‍ കര്‍ണാടകയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് 13 ജില്ലകളില്‍ നാളെ ബന്ദ്

0
138

ബംഗളൂരു: വടക്കന്‍ കര്‍ണാടകയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് 13 ജില്ലകളില്‍ നാളെ ബന്ദ് നടത്തും. അതിനിടെ മേഖലയുടെ വികസനം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം മഠാധിപതികള്‍ ബെളഗാവിയിലെ സുവര്‍ണ വിധാന്‍സൗധയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നു. പ്രത്യേക സംസ്ഥാന രൂപീകരണമല്ല തങ്ങളുടെ ആവശ്യമെന്നും വടക്കന്‍ കര്‍ണാടകയോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സഖ്യസര്‍ക്കാരിന്റെ ബജറ്റില്‍ വടക്കന്‍ കര്‍ണാടകയെ അവഗണിച്ചു എന്നാരോപിച്ച് ഉത്തര കര്‍ണാടക പ്രത്യേകരാജ്യ ഹോരാട്ട സമിതി, ഉത്തര കര്‍ണാടക വികാസ വേദികെ എന്നീ സംഘടനകളാണ് നാളെ മേഖലയിലെ 13 ജില്ലകളിലായി ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.അതിനിടെ പ്രത്യേക സംസ്ഥാന രൂപീകരണ ആവശ്യത്തിനെതിരെ ഇന്നലെ ചന്നപട്ടണയില്‍ കസ്തൂരി കര്‍ണാടക ജനാപര വേദി പ്രതിഷേധ റാലി നടത്തി. വിഭജന ആശയത്തെ പിന്തുണച്ച ബിജെപി എംഎല്‍എ ബി.ശ്രീരാമുലുവിന്റെ കട്ടൗട്ടില്‍ ചാണകം തളിച്ചു. പ്രത്യേക സംസ്ഥാന ആശയത്തെ അനുകൂലിക്കുന്ന ചില ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഹുബ്ബള്ളിയിലെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ബെളഗാവിയിലെ സുവര്‍ണ വിധാന്‍സൗധയ്ക്ക് മുന്നില്‍ ഹുക്കേരി മഠാധിപതി ചന്ദ്രശേഖര്‍ ശിവചാര്യ സ്വാമി, ചിക്കോഡി മഠാധിപതി അല്ലമ്മ പ്രഭു സ്വാമി, നിഡസോഷി മഠാധിപതി ശിവലിംഗേശ്വര സ്വാമിജി, നാഗന്നൂര്‍ രുദ്രാക്ഷി മഠാധിപതി സിദ്ധരാമ സ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ഗോഖക്, ബെളഗാവി, ബൈലഹൊങ്കല്‍, ഹുബ്ബള്ളി, ധാര്‍വാഡ് എന്നിവിടങ്ങളിലെ വിവിധ മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ അണിനിരന്നത്. യെമകണ്‍മാറാടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ സതീഷ് ജാര്‍ക്കിഹോളി മഠാധിപന്മാരുടെ പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തു വന്നു. വടക്കന്‍ കര്‍ണാടകയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനത്തെ വെട്ടിമുറിക്കുന്നത് അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുനയ ശ്രമങ്ങളുമായി ഇന്നലെ ബെളഗാവിയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്.യെഡിയൂരപ്പ, പ്രതിഷേധം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. വടക്കന്‍ കര്‍ണാടകയുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം പ്രത്യേക സംസ്ഥാന രൂപീകരണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി കുമാരസ്വാമിയുടെ വിഭജിച്ചു ഭരിക്കല്‍ തന്ത്രം ജനതാദള്‍ എസിനു സ്വാധീനമുള്ള 37 നിയമസഭാ മണ്ഡലങ്ങളിലേ നടപ്പിലാക്കാനാകൂ എന്ന് യെഡിയൂരപ്പ പറഞ്ഞു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവെഗൗഡയുടെ സംഭാവന എന്താണെന്ന് യെഡിയൂരപ്പ ചോദിച്ചു. മഠാധിപതികളുടെ പ്രതിഷേധ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയുടെ മുന്‍ മുഖ്യമന്ത്രിമാരായ നിജലിംഗപ്പ, എസ്.ആര്‍ ബൊമ്മെ, വീരേന്ദ്ര പാട്ടീല്‍ എന്നിവരുടെ സംഭാവനയെന്താണെന്നു ചോദിച്ച ദേവെഗൗഡയ്ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here